വത്തിക്കാന്‍ സിറ്റി: മദര്‍ മറിയം ത്രേസ്യായെ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്ന അനുഗ്രഹീത നിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ വത്തിക്കാനില്‍ ലോക മലയാളികളുടെ സംഗമം. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയും കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാനും ഉള്‍പ്പെടെ നാലുപേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള ധന്യശുശ്രൂഷുകള്ക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക ഒരുങ്ങി. നാളെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശുദ്ധ പ്രഖ്യാപനം നടത്തുക.
കേരളത്തില്‍ നിന്ന് വിശേഷിച്ച് തൃശൂര്‍, ഇരിങ്ങാലക്കുട രൂപതാംഗങ്ങളായ അയ്യായിരത്തിലേറെ പേര് ഇതോടകം റോമില്‍ എത്തിക്കഴിഞ്ഞു. മലയാളികളായ യൂറോപ്യന്‍ പ്രവാസികള്‍ ചടങ്ങിനും സാക്ഷ്യം വഹിക്കാനും മാര്‍പ്പാപ്പയുടെ ശ്ലൈഹിക ആശിര്‍വാദത്തോടെയുള്ള വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരാനുമായി വിമാനത്തിലും ട്രെയിനിലുമായി എത്തിക്കൊണ്ടിരിക്കുന്നു. വിവിധ ടൂര്‍ പാക്കേജുകളില്‍ റോമും വത്തിക്കാനും ഉള്‍പ്പെടുന്ന ചരിത്രനഗരി സന്ദര്‍ശിക്കാനും വിശുദ്ധ പ്രഖ്യാപനത്തില്‍ പങ്കെടുക്കാനും എത്തിച്ചേര്‍ന്ന മലയാളി സംഘങ്ങള്‍ ഭാഗ്യപ്പെട്ട മണിക്കൂര്‍ അടുത്തു വരാനുള്ള പ്രാര്‍ഥനയോടെ വിവിധ ദേവാലയങ്ങളില്‍ സന്ദര്‍ശനത്തിലാണ്.
കേന്ദ്രമന്ത്രി വി.മുരളീധരന്, എംപിമാരായ ബെന്നി ബഹനാന്, ടി.എന്‍.പ്രതാപന് എന്നിവര്‍ക്കു പുറമെ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ പോളി കണ്ണൂക്കാടന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഭാരത സഭ അനുഗ്രഹീതമാകുന്ന ഞായറാഴ്ചത്തെ കര്‍മങ്ങള്‍ക്ക് മുന്നോടിയായി ശനിയാഴ്ച വൈകുന്നേരം റോമിലെ മേരി മെജോറ ബസിലിക്കയില്‍ ഒരുക്ക ശുശ്രൂഷയുണ്ട്. ചടങ്ങില്‍ രണ്ടായിരത്തിലേറെ മലയാളികള്‍ പങ്കെടുക്കുന്നുണ്ട്.
റോമിലെ സെന്റ് അനസ്താസിയ ബസിലിക്കയില്‍ സിറോ മലബാര്‍സഭ മേജര്ആര്ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ തിങ്കളാഴ്ച അര്‍പ്പിക്കപ്പെടുന്ന കൃതജ്ഞതാ ബലിയില്‍ അയ്യായിരത്തിലേറെ മലയാളികള്‍ പങ്കെടുക്കും.
മദര്‍ മറിയം ത്രേസ്യയുടെ ജന്മനാടായ തൃശൂര്‍ പുത്തന്‍ചിറ ഗ്രാമവും വിശുദ്ധനിമിഷത്തെ ആഘോഷത്തോടെ വരവേല്‍ക്കാന്‍ ഒരുങ്ങി. വാഴ്ത്തപ്പെട്ടവര്‍ വിശുദ്ധ പദവിയേറുമ്ബോള് ധരിപ്പിക്കുന്ന കിരീടം മറിയം ത്രേസ്യയുടെ തിരുരൂപത്തിന്റെ ശിരസ്സില്‍ അണിയിക്കും. തുടര്‍ന്ന് സ്വരൂപം വഹിച്ചു കൊണ്ട് ദേവാലയം ചുറ്റിയുള്ള പ്രദക്ഷിണം നടക്കും.