തിരുവനന്തപുരം: ഇസ്രോയുടെ അടുത്ത ദൗത്യം ചന്ദ്രയാന്‍ 3 ആണെന്നും, അതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ഇസ്രോ വെളിപ്പെടുത്തി. ഭാവിപദ്ധതികളായ ആദിത്യ, ചൊവ്വ, ശുക്ര പര്യവേക്ഷണങ്ങള്‍ക്കൊപ്പമാണ് ചന്ദ്രനിലേക്കുള്ള മൂന്നാം ദൗത്യത്തിന്റെ കാര്യം ഇസ്രോ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ വെളിപ്പെടുത്തിയത്.

വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ എയ്റോസ്പേസ് സാങ്കേതികവിദ്യയിലെ പുതിയ കുതിപ്പുകളെക്കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുളള ഗഗന്‍യാന്‍ ദൗത്യമാണ് ഇസ്രോയുടെ ഇതുവരെയുള്ളതില്‍ വെച്ച്‌ ഏറ്റവും സങ്കീര്‍ണ്ണമായ ദൗത്യം. ദൗത്യം പൂര്‍ത്തിയാക്കാനുള്ള 40 മാസത്തെ കാലാവധിയില്‍ 12 മാസം കഴിഞ്ഞു. പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനദൗത്യവും വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഭൂമിയുടെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ പകര്‍ത്താനുള്ള ഹൈ ത്രൂ പുട്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനും പദ്ധതിയുണ്ടെന്ന് ശിവന്‍ പറഞ്ഞു.