കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് അനുമതി നല്‍കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. കായലുകളുടെയും പുഴകളുടെയും സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്താതെ ടെര്‍മിനല്‍ നിര്‍മ്മാണം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. പരിസ്ഥിതി സംരക്ഷിച്ചുള്ള നിര്‍മ്മാണം ഉറപ്പാക്കുമെന്ന് കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു.

15 റൂട്ടുകളില്‍ 38 ടെര്‍മിനലുകളാണ് വാട്ടര്‍ മെട്രോയ്ക്കായി നിര്‍മ്മിക്കേണ്ടത്. വൈറ്റിലയിലും ഹൈക്കോടതി ഭാഗത്തും ടെര്‍മിനല്‍ നിര്‍മ്മാണം ആരംഭിച്ചുവെങ്കിലും തീരദേശ നിയമപ്രകാരം ചില റൂട്ടുകളില്‍ നിര്‍മ്മാണം തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് കെഎംആര്‍എല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്. ദുരന്ത നിവാരണ പദ്ധതികളും സുരക്ഷാ മാര്‍ഗ രേഖകളും നടപ്പാക്കാന്‍ പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് അതോറിറ്റിയും പദ്ധതിയ്ക്കായി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രത്തില്‍ ശുപാര്‍ശ നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ചാണ് അനുമതി നല്‍കിയത്. പരിസ്ഥിതി സംരക്ഷിച്ചുള്ള നിര്‍മ്മാണം ഉറപ്പാക്കുമെന്ന് കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ്മ വ്യക്തമാക്കി. ഡിസംബറോടെ വാട്ടര്‍ മെട്രോ പ്രവര്‍ത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. 78 കിലോ മീറ്റര്‍ വ്യാപിച്ച്‌ കിടക്കുന്ന വാട്ടര്‍ മെട്രോയ്ക്ക് 747.28 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ 16 സ്റ്റേഷനുകളാണ് തയ്യാറാക്കുക. കൊച്ചിന്‍ ഷിപ്പിയാര്‍ഡിലാണ് പരിസ്ഥിതി സൗഹാര്‍ദ്ദ ബോട്ടുകള്‍ തയ്യാറാക്കുന്നത്.