കോഴിക്കോട്‌: കൂടത്തായിയിലെ കൊലപാതക പരമ്ബരയുടെ കേസന്വേഷണം വലിയ വെല്ലുവിളിയാണെന്ന് ഡിജിപി ലോക് നാഥ് ബെഹ്‍റ. വിദഗ്‍ധരുടെ പങ്കാളിത്തം കേസില്‍ ആവശ്യമാണ്‌. കൂടുതല്‍ ഉദ്യോഗസ്ഥരെ കേസന്വേഷണത്തിന് നിയോഗിക്കും. കേസില്‍ തെളിവ് ശേഖരണം വളരെ ശ്രമകരമാണെന്നും പൊന്നാമറ്റം വീട്ടില്‍ പരിശോധന നടത്തിയശേഷം ബെഹ്‌റ പറഞ്ഞു.

വിഷാംശത്തിന്‍റെ വിശദാംശങ്ങള്‍ ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തുമെന്നാണ് പ്രതീക്ഷ. ആവശ്യമെങ്കില്‍ സാംപിളുകള്‍ വിദേശത്തേയ്ക്കും അയക്കും. അന്വേഷണം തൃപ്‌തികരമാണ്‌.

ആറ് കൊലപാതകങ്ങളും ആറ് കേസുകളായിത്തന്നെയാണ് അന്വേഷിക്കുക. ഓരോ കേസും അന്വേഷിച്ച്‌ കൃത്യമായ തെളിവുകള്‍ ശേഖരിയ്ക്കണം.17 വര്‍ഷങ്ങള്‍ മുമ്ബാണ് ആദ്യ കൊലപാതകം നടന്നത്.അവസാന കൊലപാതകം 2016-ലും. കേസില്‍ ദൃക്സാക്ഷികളുണ്ടാകില്ല. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും കൃത്യമായി കോര്‍ത്തെടുത്ത് കേസില്‍ കുറ്റപത്രം തയ്യാറാക്കണം. ആറ് കേസുകള്‍ക്കും ആറ് ടീമുകളുണ്ട്. അതിന് മേല്‍നോട്ടം വഹിക്കാന്‍ മറ്റൊരു ടീമും വേണം. മിടുക്കരായ ഉദ്യോഗസ്ഥരെത്തന്നെ നിയോഗിക്കും – ബെഹ്‍റ പറഞ്ഞു.

ഇത്തരം ഒരു കേസുണ്ടെന്ന് കണ്ടെത്തിയതിന്‍റെ ക്രെഡിറ്റ് എസ്‍പിക്ക് തന്നെയാണ്. ഓരോ ഘട്ടത്തിലും വിശദാംശങ്ങള്‍ കണ്ടെത്തിയത് നേട്ടമായിയെന്നും ഡിജിപി പറഞ്ഞു.