കോഴിക്കോട്: എന്നെ നേരത്തെ അറസ്റ്റ് ചെയ്യാമായിരുന്നില്ലേ സര്‍.. അങ്ങനെയെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു”- എസ്പി കെ ജി സൈമണിന്റെ ചോദ്യം ചെയ്യലിനിടെ മുഖ്യപ്രതി ജോളി തിരിച്ചുചോദിച്ച ചോദ്യമാണ് ഇത്. നേരത്തെ അറസ്റ്റ് ചെയ്തിരുന്നുവെങ്കില്‍ ഒരു പക്ഷെ ഇത്ര അധികം പേരെ താന്‍ കൊല്ലുമായിരുന്നില്ലെന്നാകും ജോളി ഉദ്ദേശിച്ചത്.
നിസ്സംഗതയോടെയും കൂസലില്ലാതെയുമാണ് ആദ്യം ജോളി ചോദ്യങ്ങളെ നേരിട്ടത്. എന്നാല്‍ പിന്നീട് കുറ്റസമ്മതം. ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയായിരുന്നു എല്ലാ നീക്കങ്ങളും. ‘കൊല്ലാനുള്ള പ്രവണത ഒരു ബാധപോലെ തന്നെ പിന്തുടര്‍ന്നു. ആരോടെങ്കിലും വെറുപ്പുതോന്നിയാല്‍ അവരെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും. കാത്തിരുന്ന് അത് സാധിക്കുകയും ചെയ്യും’ എന്നും ജോളി വെളിപ്പെടുത്തി.
സയനൈഡ് എത്തിച്ചുനല്‍കിയ മാത്യുവിനു ചില കൊലപാതകങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ഉണ്ടായിരുന്നതായി ജോളി മൊഴിനല്‍കി. രണ്ടുതവണയാണ് മാത്യു ജോളിക്ക് സയനൈഡ് നല്‍കിയത്. അത് ഒരു ടിന്നില്‍ സൂക്ഷിച്ചുവെച്ച് വേണ്ട സമയത്ത് ഉപയോഗിക്കും. ‘നീ എന്താണ് ഇതുകൊണ്ട് ചെയ്യുന്നതെന്ന്’ ഒരിക്കല്‍ മാത്യു തന്നോട് ചോദിച്ചു. കുടുംബത്തിലെ പലരും മരിക്കുന്ന ഘട്ടത്തില്‍ ഇതെല്ലാം ജോളിയുടെ പണിയാണെന്ന് മാത്യുവിന് അറിയാമായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി.
അതേസമയം തഹസില്‍ദാര്‍ ജയശ്രീയുടെ മകളെ രണ്ടു വയസുള്ളപ്പോള്‍ അപായപ്പെടുത്താന്‍ ജോളി ശ്രമിച്ചു എന്നതിന് തെളിവ് ലഭിച്ചു. കുട്ടിയെ ഛര്‍ദിച്ച് അവശയായ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറാണ് ഇക്കാര്യം വളിപ്പെടുത്തിയത്. ജയശ്രീയും ഭര്‍ത്താവും സ്ഥലത്തില്ലായിരുന്ന സമയത്തായിരുന്നു കുട്ടിക്ക് ഛര്‍ദി ഉണ്ടായത്. കുട്ടിയെ പരിചരിക്കാന്‍ താന്‍ മാത്രം മതിയെന്നു നിര്‍ബന്ധം പിടിച്ച ജോളി ആശുപത്രിയില്‍ നിന്ന് തന്നെ മടക്കി അയക്കാന്‍ ശ്രമിച്ചെന്നും ഡ്രൈവര്‍ പത്മദാസ് വെളിപ്പെടുത്തിയിരുന്നു.