തിരുവനന്തപുരം: ഭരതന്നൂരില്‍ പത്ത് വര്‍ഷം മുമ്ബ് നടന്ന ദുരൂഹമരണക്കേസ് തെളിയിക്കാന്‍ കൂടത്തായി മാതൃകയില്‍ പരിശോധന. ഏഴാം ക്ളാസ് വിദ്യാര്‍ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെയാണ് നടപടി. ആദ്യഘട്ട അന്വേഷണത്തില്‍ പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ളവയില്‍ വീഴ്ചകള്‍ സംഭവിച്ചിരുന്നതായി തെളിഞ്ഞു. അതിനാല്‍ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റുമോര്‍ട്ടവും ഫൊറന്‍സിക് പരിശോധനകളും നടത്തും.

2009 ഏപ്രില്‍ 5ന് പാല് വാങ്ങാനായി കടയിലേക്ക് പോയ ആദര്‍ശിനെ കാണാതാവുകയായിരുന്നു. പിന്നീട് വഴിയരുകിലെ ഒരു കുളത്തില്‍ മരിച്ചനിലയിലാണ് കണ്ടെത്തി. അന്ന് കുട്ടിയുടേത് മുങ്ങിമരണമാണെന്ന് പാങ്ങോട് പൊലീസ് ആദ്യം തന്നെ വിധിയെഴുതി. മാസങ്ങള്‍ക്ക് ശേഷം ലഭിച്ച പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കും സുഷുമ്ന നാഡിക്കുമേറ്റ മര്‍ദനമാണ് മരണകാരണമെന്ന് കണ്ടെത്തിയതോടെ പരാതി ഉയരുകയും ചെയ്തു. വര്‍ഷങ്ങളോളം നീണ്ട അന്വേഷണത്തിന് ഒടുവില്‍ കൊലപാതകമെന്ന് സ്ഥിരീകരിക്കാനുള്ള. കണ്ടെത്തലുകള്‍ ഇവയാണ്.

ശ്വാസകോശത്തിലടക്കം വെള്ളം കയറിയിട്ടില്ല, കുളത്തിന്റെ കരയില്‍ നിന്ന് കണ്ടെത്തിയ ആദര്‍ശിന്റെ വസ്ത്രത്തില്‍ ബീജമുണ്ടായിരുന്നു. മരണദിവസം മഴയുണ്ടായിട്ടും വസ്ത്രങ്ങള്‍ നനഞ്ഞിരുന്നില്ല. മര്‍ദിച്ച്‌ കൊന്നശേഷം കുളത്തിലിട്ടതാവാം എന്നാണ് നിഗമനം. വസ്ത്രത്തില്‍ നിന്ന് ലഭിച്ച ബീജം ഉള്‍പ്പെടെയുള്ള തെളിവുകള്‍ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ അന്വേഷണത്തിനാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.ഹരികൃഷ്ണന്റെ നേതൃത്വത്തിലെ സംഘം തിങ്കളാഴ്ച മൃതദേഹം പുറത്തെടുക്കുന്നത്.