ബംഗാളി കവയിത്രി, കാമിനി റോയിയുടെ 155-ാം ജന്മദിനത്തില്‍ ഡൂഡിലിലൂടെ ആദരവ് അര്‍പ്പിച്ച്‌ ഗൂഗിള്‍. കവയിത്രി എന്നതിലുപരി സ്ത്രീപക്ഷവാദി, സാമൂഹികപ്രവര്‍ത്തക ഓണേഴ്‌സ് ബിരുദം നേടിയ ആദ്യ ഇന്ത്യന്‍ വനിത തുടങ്ങി നിരവധി വിശേഷണങ്ങള്‍ കാമിനിക്ക് ഉണ്ട്.

1864 ഒക്ടോബര്‍ 12ന് ബംഗാളിലെ ബകേര്‍കുഞ്ജിലാണ് (ഇന്നത്തെ ബംഗ്ലാദേശിലെ ബാരിസാല്‍) കാമിനി ജനിച്ചത്. അച്ഛന്‍ ചാന്ദി ചരണ്‍ സിങ് ന്യായാധിപനും എഴുത്തുകാരനും ബ്രഹ്മസമാജം പ്രവര്‍ത്തകനുമായിരുന്നു. അച്ഛന്റെ പുസ്തകശേഖരമാണ് കാമിനിയെ വായനയിലേക്ക് എത്തിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ ഗണിതത്തില്‍ പ്രതിഭയായിരുന്ന കാമിനി പിന്നീട് സംസ്‌കൃതത്തിലേക്ക് തിരിഞ്ഞു. 1883-ലാണ് കാമിനി ബെതൂണ്‍ സ്‌കൂളില്‍ ചേര്‍ന്നു. തൂണ്‍ കോളേജില്‍ നിന്ന് സംസ്‌കൃതത്തില്‍ ബിരുദമെടുത്തശേഷം അവിടെ തന്നെ അധ്യാപികയായി ജോലി ചെയ്തു.

1894-ല്‍ ജോലി ഉപേക്ഷിച്ച കാമിനി പിന്നീട് മുഴുവന്‍ സമയവും സാഹിത്യത്തിനായി ചെലവഴിച്ചു. മുപ്പതാമത്തെ വയസ്സിലാണ് കേദര്‍നാഥ് റോയിയെ കാമിനി വിവാഹം കഴിക്കുന്നത്. സ്ത്രീകളെ വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിച്ചയച്ചിരുന്ന കാലഘട്ടത്തിലാണ് മുപ്പതാം വയസ്സില്‍ കാമിനി വിവാഹിതയായത്.

വിദ്യാഭ്യാസ കാലഘട്ടത്തില്‍ അബാല ബോസിനെ പരിചയപ്പെട്ടതോടെയാണ് സ്ത്രീപക്ഷവാദത്തിലേക്ക് കാമിനി ആകൃഷ്ടയാകുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വിധവകളുടെ സാമൂഹിക പരിഷ്‌കരണങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു അബാല. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള അബാലയുടെ പോരാട്ടങ്ങളില്‍ ആകൃഷ്ടയായ കാമിനി പിന്നീട് സ്ത്രീ അവകാശങ്ങള്‍ക്ക് വേണ്ടി മുന്നിട്ടിറങ്ങി.

എട്ടുവയസ്സുമുതല്‍ കവിത എഴുതുമായിരുന്ന കാമിനിയുടെ ആദ്യ കവിതാസമാഹാരം 1889-ല്‍ പുറത്തിറങ്ങി. രവീന്ദ്രനാഥ ടാഗോറിന്റെ രചനകള്‍ കാമിനിയെ വളരെയേറെ സ്വാധീനിച്ചിരുന്നു. സാഹിത്യത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച്‌ ജഗത്തരിണി സ്വര്‍ണമെഡല്‍ നല്‍കി കല്‍ക്കട്ട യൂണിവേഴ്‌സിറ്റി കാമിനിയെ ആദരിച്ചു. ബംഗാളി ലിറ്റററി കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ്, ബംഗിയ സാഹിത്യ പരിഷദിന്റെ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1933 സെപ്റ്റംബര്‍ 27-നായിരുന്നു കാമിനി അന്തരിച്ചത്.