ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിങ് സീറ്റില്‍. ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇരട്ട സെഞ്ചുറി മികവില്‍ ഒന്നാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്ബോള്‍ ദക്ഷിണാഫ്രിക്കയുടെ മൂന്നു വിക്കറ്റുകളും വീഴ്ത്തി.

മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ഡീന്‍ എല്‍ഗാര്‍ (6), എയ്ഡന്‍ മാര്‍ക്രം (0), ടെംബ ബവുമ (8) എന്നിവരാണ് പുറത്തായത്. ഏറെ നാളുകള്‍ക്കു ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ഉമേഷ് യാദവ് രണ്ടു വിക്കറ്റുമായി തിളങ്ങി. ശേഷിച്ച ഒരു വിക്കറ്റ് മുഹമ്മദ് ഷമിക്കാണ്. ഡിബ്രുയിന്‍ (7*), ആന്റിച്ച്‌ നോര്‍ഹെ (2*) എന്നിവരാണ് ക്രീസില്‍.

നേരത്തെ ക്യാപ്റ്റന്‍ വിരാട് കോലി ഇരട്ട സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു.

ടെസ്റ്റില്‍ ഏഴാം ഇരട്ട സെഞ്ചുറി നേടിയ കോലി 336 പന്തില്‍ രണ്ടു സിക്‌സും 33 ബൗണ്ടറികളുമായി 254 റണ്‍സോടെ പുറത്താകാതെ നിന്നു. ടെസ്റ്റില്‍ കോലിയുടെ ഉയര്‍ന്ന സ്‌കോറാണിത്. ക്യാപ്റ്റനായുള്ള കോലിയുടെ 50-ാം ടെസ്റ്റായിരുന്നു ഇത്. ഇതോടെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡും കോലി സ്വന്തമാക്കി. ആറു വീതം ഇരട്ട സെഞ്ചുറികളുമായി സച്ചിന്‍ തെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും കോലിക്ക് പിന്നിലായി. നേരത്തെ, 174 പന്തിലാണ് കോലി തന്റെ 26-ാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ടെസ്റ്റ് കരിയറില്‍ 7000 റണ്‍സ് തികയ്ക്കാനും കോലിക്കായി.

104 പന്തില്‍ രണ്ടു സിക്‌സും എട്ടു ബൗണ്ടറികളുമായി 91 റണ്‍സെടുത്ത രവീന്ദ്ര ജഡേജ പുറത്തായതിനു പിന്നാലെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. അഞ്ചാം വിക്കറ്റില്‍ ഇരുവരും 225 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

59 റണ്‍സെടുത്ത അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. നാലാം വിക്കറ്റില്‍ കോലിക്കൊപ്പം 178 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് രഹാനെ മടങ്ങിയത്. ടെസ്റ്റില്‍ ഇരുവരും ഒന്നിച്ചുള്ള പത്താമത്തെ സെഞ്ചുറി കൂട്ടുകെട്ടായിരുന്നു ഇത്.

ഒന്നാം ദിനം സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളാണ് (108) ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. ചേതേശ്വര്‍ പൂജാര 58 റണ്‍സെടുത്തു. രോഹിത് ശര്‍മ 14 റണ്‍സെടുത്ത് പുറത്തായി.

കോലിയുടെ റെക്കോഡുകള്‍

ഏഴ് ഇരട്ട സെഞ്ചുറികളുമായി അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇരട്ട സെഞ്ചുറിക്കാരുടെ പട്ടികയില്‍ ശ്രീലങ്കന്‍ താരം മഹേള ജയര്‍വര്‍ധനെയ്ക്കും ഇംഗ്ലണ്ടിന്റെ വാള്‍ട്ടര്‍ ഹാമണ്ടിനും ഒപ്പമെത്താനും കോലിക്കായി. ടെസ്റ്റില്‍ ഇരുവര്‍ക്കും ഏഴു വീതം ഇരട്ട സെഞ്ചുറികളുണ്ട്. ഓസീസ് ബാറ്റിങ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ (12), ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര (11), വെസ്റ്റിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ (9) എന്നിവരാണ് ഈ പട്ടികയില്‍ മുന്നില്‍.

ബാറ്റിങ്ങിനിടെ 150 റണ്‍സ് പിന്നിട്ടതോടെ രാജ്യാന്തര ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തവണ 150-ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോഡ് കോലി സ്വന്തമാക്കി. ക്യാപ്റ്റനെന്ന നിലയില്‍ ഇത് ഒമ്ബതാം തവണയാണ് കോലി 150 റണ്‍സ് പിന്നിടുന്നത്. എട്ടു തവണ ഈ നേട്ടം സ്വന്തമാക്കിയ ബ്രാഡ്മാന്റെ പേരിലായിരുന്നു റെക്കോഡ്. ഇതാണ് കോലി മറികടന്നത്. ഏഴു വീതം 150 പ്ലസ് സ്‌കോറുകളുമായി മൈക്കല്‍ ക്ലാര്‍ക്ക്, മഹേള ജയവര്‍ധനെ, ബ്രയാന്‍ ലാറ, ഗ്രെയിം സ്മിത്ത് എന്നിവരാണ് ഈ പട്ടികയില്‍ കോലിക്കും ബ്രാഡ്മാനും പിന്നിലുള്ളത്.

അതേസമയം ക്യാപ്റ്റനായുള്ള 50-ാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്, അലസ്റ്റര്‍ കുക്ക്, സ്റ്റീവ് വോ എന്നിവര്‍ക്കൊപ്പം ഇടംപിടിക്കാനും കോലിക്കായി.

ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ 40-ാം അന്താരാഷ്ട്ര സെഞ്ചുറിയാണ് പുണെയില്‍ പിറന്നത്. ഇതോടെ ക്യാപ്റ്റനെന്ന നിലയില്‍ 40 അന്താരാഷ്ട്ര സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് കോലി സ്വന്തമാക്കി.

ടെസ്റ്റ് കരിയറിലെ കോലിയുടെ 26-ാം സെഞ്ചുറിയായിരുന്നു ഇത്. അതേസമയം ഒരു സെഞ്ചുറി കൂടി നേടിയാല്‍ കോലിക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ക്യാപ്റ്റനെന്ന മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ റെക്കോഡിനൊപ്പമെത്താം. ക്യാപ്റ്റനെന്ന നിലയില്‍ 41 സെഞ്ചുറികളാണ് പോണ്ടിങ്ങിന്റെ അക്കൗണ്ടിലുള്ളത്.