പാലായില്‍ ബി.ജെ.പി വോട്ട് കച്ചവടം നടത്തിയതിന് ബി.ഡി.ജെ.എസ് ഉത്തരവാദിയാകില്ലെന്ന് ബി.ഡി.ജെ.എസ് ദേശീയ അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസ് കോഴിക്കോട് ജില്ല കമ്മറ്റിയുടെ സ്വീകരണവും പ്രവര്‍ത്തന കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്‍റാണ് വോട്ട് വിറ്റത്.
പാലായില്‍ പ്രചാരണത്തിന് നേരിട്ട് പോയിട്ടും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വിളിച്ച് സംസാരിച്ച് പോലുമില്ല. ഇലക്ഷന്‍ കമ്മറ്റി യോഗത്തില്‍ പോലും സ്ഥാനാര്‍ത്ഥി പങ്കെടുക്കാത്തതിന് ഉത്തരവാദി ബി.ഡി.ജെ.എസ് അല്ല. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി അഭിപ്രായം പറഞ്ഞതിനാല്‍ വോട്ട് പോയി എന്ന് പറയുന്നതിനൊന്നും കാര്യമില്ല.എസ്.എന്‍.ഡി.പി സമുദായ സംഘടനയാണ്. എന്‍.എസ്.എസും എസ്.എന്‍.ഡിപിയും നിലപാടുകള്‍ പറയുന്നത് ഏതെങ്കിലും പാര്‍ട്ടിക്ക് പോയി വോട്ട് ചെയ്യാന്‍ പറയുന്നതായി കാണരുത്.
നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ട് ശതമാനം ആറില്‍ നിന്ന് 16 ആക്കിയത് ബി.ഡി.ജെ.എസ് ആണ്. എന്‍.ഡി.എ ശക്തിപ്പെടുത്തേണ്ട ബി.ജെ.പി സംസ്ഥാന നേതൃത്വം അതിന് തയ്യാറാകാത്തതാണ് കുഴപ്പം. എന്‍.ഡി.എയുടെ സംഘടനാ സംവിധാനം ശക്തമല്ല. എന്‍.ഡി.എ ബൂത്ത് തലം മുതല്‍ കമ്മറ്റികള്‍ ഉണ്ടാക്കി പ്രവര്‍ത്തിക്കണം. ഇതിന് മുന്‍കൈയ്യെടുക്കേണ്ട സംസ്ഥാന ബി.ജെ.പി അത് ചെയ്യാതിരുന്നാല്‍ വരുന്ന കുറ്റങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും ഉത്തരവാദിയാരെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വത്തെ അറിയിക്കുക തന്നെ ചെയ്യും. കേരളത്തിലല്ല കേന്ദ്രനേതൃത്വവുമായാണ് ബന്ധം ഉണ്ടാക്കിയത്. എന്‍.ഡി.എയില്‍ തന്നെ ഉറച്ച് നിന്ന് പ്രവര്‍ത്തിക്കും. ഗള്‍ഫില്‍ തനിക്കെതിരായ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കാരണം ഗുരുദേവെന്റ അനുഗ്രഹമാണെന്നും കേസ് കൊടുത്ത ആള്‍ക്കെതിരെ താന്‍ കേസ് കൊടുത്താല്‍ അയാള്‍ 15 വര്‍ഷം അകത്താകുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്‍റ് ഗിരി പാമ്ബനാല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. മഞ്ചേരി രാജന്‍, ജില്ല വൈസ് പ്രസിഡന്‍റുമാരായ പി.എം. രവീന്ദ്രന്‍, സുനില്‍കുമാര്‍ പുത്തൂര്‍മഠം, പി.സി. അശോകന്‍, ജില്ല സെക്രട്ടറിമാരായ സുകുമാരന്‍ നായര്‍, ഹരിദാസന്‍ പേരാമ്ബ്ര, ജില്ല ജോ. സെക്രട്ടറിമാരായ ടി.പി. ബാബു, ഉണ്ണി കരിപ്പാലി, ബി.ഡി.വൈ.എസ് ജില്ല പ്രസിഡന്‍റ് ജയേഷ് വടകര, ബി.ഡി.എം.എസ് ജില്ല പ്രസിഡന്റ രാധാരാജന്‍ സതീഷ് കുറ്റിയില്‍ എന്നിവര്‍ സംസാരിച്ചു.