വോട്ടു കച്ചവട വാദം തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ വോട്ടു കച്ചവടം നടത്തുമെന്ന് കരുതാനാകില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. വോട്ടുകച്ചവട വിവാദത്തില്‍ ശശി തരൂരിന്റെ നിലപാടിനെ പിന്തുണക്കുന്നതായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. മറ്റ് യുഡിഎഫ് നേതാക്കള്‍ ഏത് സാഹചര്യത്തിലാണ് അത്തരം പ്രസ്താവനകള്‍ നടത്തിയതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വട്ടിയൂര്‍ക്കാവ്, കോന്നി മണ്ഡലങ്ങളില്‍ സിപിഎം- ബിജെപി വോട്ടു കച്ചവടത്തിന് ധാരണ ഉണ്ടെന്ന് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും ആവര്‍ത്തിച്ചു ആരോപിക്കുന്നത്. അതിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

ഉമ്മന്‍ചാണ്ടി കൂടി നിലപാട് വ്യക്തമാക്കിയതോടെ വോട്ടു കച്ചവട വിവാദത്തില്‍ രണ്ട് തട്ടിലായി യുഡിഎഫ്. നേരത്തെ വോട്ടു കച്ചവട ആരോപണം ഉന്നയിച്ചപ്പോള്‍ രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.