എന്‍ഡിഎ വിട്ട് എല്‍ഡിഎഫിലേക്കെത്തുമെന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. നിലവില്‍ ഇടതുമുന്നണിയിലേക്ക് ഇല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഇടത് നേതാക്കള്‍ ആരും എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ല. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളും മിത്രങ്ങളും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫും യുഡിഎഫും ബിഡിജെഎസിനെ സ്വാഗതം ചെയ്യുന്നുണ്ടെന്നും ഇപ്പോള്‍ എന്‍ഡിഎയില്‍ ഉറച്ചുനില്‍ക്കാനാണ് ബിഡിജെഎസ് തീരുമാനമെന്നും നേരത്തെ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ അരൂരില്‍ മല്‍സരിക്കാതെ മാറി നിന്ന് പ്രതിഷേധിച്ചിട്ടും ഇടപെടാന്‍ തയ്യാറാകാതെ ബിജെപി നേതൃത്വം അവഗണിക്കുന്നതില്‍ ബിഡിജെഎസ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്‍ഡിഎയ്ക്ക് അരൂരിലും എറണാകുളത്തും വിജയസാധ്യതതയില്ലെന്ന തുഎഷാറിന്റെ പരാമര്‍ശവും മുന്നണി വിടുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് വേഗത കൂട്ടി.

നേരത്തെ, ബിഡിജെഎസ് എന്‍ഡിഎ വിടുന്നതിനെക്കുറിച്ചുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കളുടെ പ്രസ്താവനകള്‍ തുഷാറും കൂട്ടരും ഇടത് പാളയത്തിലെത്തുമെന്ന അഭ്യൂഹങ്ങള്‍ പരത്തിയിരുന്നു.