ഇന്ത്യാ-ചൈന അനൗദ്യോഗിക ഉച്ചകോടിക്കായി മഹാബലിപുരത്തെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത് പരമ്ബരാഗത ശൈലിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ച്‌. തമിഴ് സ്റ്റൈലില്‍ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച്‌ തോളില്‍ ഷാളും ധരിച്ചാണ് പ്രധാനമന്ത്രി എത്തിയത്. മഹാബലിപുരത്തെ 3 പൈതൃക സ്മാരകങ്ങള്‍ പ്രധാനമന്ത്രിയും ഷി ജിന്‍പിങും സന്ദര്‍ശിച്ചു.

രണ്ട് മണിയോടെ ചെന്നൈയിലെത്തിയ ചൈനീസ് പ്രസിഡന്റിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. പരമ്ബരാഗത കലാരൂപങ്ങളുടെ അകമ്ബടിയോടെയാണ് ചൈനീസ് പ്രസിഡന്റിനെ സ്വാഗതം ചെയ്തത്. മഹാബലിപുരത്തെ അര്‍ജുന തപസ് സ്മാരകത്തിലാണ് പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റിനെ സ്വീകരിച്ചത്. പഞ്ച രഥാസിലും സന്ദര്‍ശനം നടത്തിയ ശേഷം ഷോര്‍ ടെംപിളില്‍ പ്രത്യേകമായി ഒരുക്കിയ കലാസന്ധ്യ ഇരു നേതാക്കളും ആസ്വദിച്ചു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മഹാബലിപുരത്ത് എത്തിയിട്ടുണ്ട്. ചെന്നൈയില്‍ എത്തിയ ഷി ജിന്‍പിങ് മഹാബലിപുരത്തേയ്ക്ക് ഹെലികോപ്റ്ററിന് പകരം റോഡ് മാര്‍ഗമാണ് തിരഞ്ഞെടുത്തത്. ചൈനീസ് നേതാക്കളുടെ പ്രത്യേക നയത്തിന്റെ ഭാഗമായാണ്. ചൈനയില്‍ നിന്നും കൊണ്ടുവന്ന ഹോങ്കി ലിമോസിന്‍ കാറിലാണ് അദ്ദേഹം മഹാബലിപുരത്തേയ്ക്ക് എത്തിയത്. മാവോ സേദുങിന്റെ കാലം മുതല്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ഉപയോഗിച്ച്‌ വരുന്ന ആഡംബര ചൈനീസ് നിര്‍മിത കാറാണ് ഹോങ്കി. ചെങ്കൊടി എന്നാണ് ഹോങ്കിയുടെ അര്‍ത്ഥം.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഷീ ജിന്‍ പിങിന് തമിഴ്നാടിന്റെ കരവിരുത് വിളിച്ചോതുന്ന പ്രത്യേക വിളക്കും നൃത്തം ചെയ്യുന്ന സരസ്വതി ദേവിയുടെ തഞ്ചാവൂര്‍ പെയിന്റംഗും സമ്മാനമായി നല്‍കി. പ്രധാനമനത്രി ചൈനീസ് പ്രസിഡന്റിന് നല്‍കുന്ന അത്താഴ വിരുന്നില്‍ ദക്ഷിണേന്ത്യയിലെ പ്രധാന വിഭവങ്ങളും ഇടം പിടിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കുക.