ഇന്ത്യാ ചൈന അനൗപചാരിക ഉച്ചകോടിക്കായി തമിഴ്‌നാട്ടിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്താനുള്ള ഇടതു നേതാക്കളുടെ ശ്രമം വിജയിച്ചില്ല. ഇന്ത്യയില്‍ എത്തിയ ഷി ജിന്‍പിങ് പ്രതിപക്ഷ നേതാക്കളെ കാണില്ലെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഷി ജിന്‍പിങ്ങുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ കൂടിക്കാഴ്ചയ്ക്ക് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇടതു നേതാക്കള്‍ക്കൊന്നും കൂടിക്കാഴ്ചയ്ക്ക് ഷി ജിന്‍പിങ്ങ് അനുമതി നല്‍കിയില്ല.

നേരത്തേ, ചെന്നൈ വിമാനത്താവളത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.അവിടെനിന്ന് ഉച്ചകോടി നടക്കുന്ന മഹാബലിപുരത്തേക്ക് അദ്ദേഹം പോയി. മഹാബലിപുരത്തെ താജ് കടലോര ഹോട്ടലിലാണ് ഷി ജിന്‍പിങ് താമസിക്കുക. നാളെ ഉച്ചകോടി നടക്കുന്നതും അതേ ഹോട്ടലില്‍ തന്നെയാണ്.

ഇന്ന് രാവിലെ മഹാബലിപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഹോട്ടലില്‍ തങ്ങിയ ശേഷമാണ് വൈകിട്ട് മഹാബലിപുരത്തെ അര്‍ജുനശിലയ്ക്കു മുമ്ബില്‍ വച്ച്‌ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.ഷി ജിന്‍പിങ് എത്തുന്നതിനെതിരെ പ്രതിഷേധിച്ച അഞ്ച് ടിബറ്റന്‍ വിദ്യാര്‍ത്ഥികളെ പോലീസ് രാവിലെ അറസ്റ്റ് ചെയ്തുനീക്കി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് തെന്‍സില്‍ സുനന്ത്യു അടക്കം 42 ടിബറ്റന്‍ സ്വദേശികള്‍ കരുതല്‍ കസ്റ്റഡിയിലാണ്.