മഹാപ്രളയം ഗുരുതരമായി ബാധിച്ച കുട്ടനാടിന്റെ പുനർനിർമാണത്തിനായി സംസ്ഥാന ആസൂത്രണ ബോർഡ് നിർദേശിച്ച 2447.66 കോടി രൂപയുടെ പ്രത്യേക പാക്കേജ് നടപ്പാക്കും. ഇതു സംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. കുട്ടനാടിന്റെ പാരിസ്ഥിതിക പുനഃസ്ഥാപനത്തിനും പുനർനിർമാണത്തിനുമായി പാക്കേജ് തയാറാക്കാൻ സർക്കാർ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആസൂത്രണ ബോർഡ് പദ്ധതി തയാറാക്കിയത്.
ഉത്പാദനക്ഷമത, ലാഭക്ഷമത, പരിസ്ഥിതി സംരക്ഷണം, ഭൗതികസുരക്ഷ, പരസ്പര സഹകരണം എന്നിവയായിരിക്കണം കുട്ടനാട് വികസനത്തിന്റെ കാതൽ. ഈ ലക്ഷ്യങ്ങൾ ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം, ജലവിഭവത്തിന്റെ ശാസ്ത്രീയ ആസൂത്രണം, വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങൾ, ജനാധിപത്യശാക്തീകരണം എന്നിവയിലൂടെ നേടാനാവുമെന്ന് ആസൂത്രണ ബോർഡ് നിർദേശിക്കുന്നു.