കേരള ബാങ്ക് യാഥാർഥ്യമാകുന്നതോടെ അതിന്റെ വലിയ ഗുണഭോക്താക്കളാകുന്നതു സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും അതിലെ അംഗങ്ങളുമായിരിക്കുമെന്നു കണക്കുകൂട്ടൽ. കർഷകർക്കു കുറഞ്ഞ പലിശയിൽ കാർഷിക വായ്പ നൽകാൻ കേരള ബാങ്കിലൂടെ കഴിയുമെന്നു മാത്രമല്ല നബാർഡിൽ നിന്നു കൂടുതൽ പുനർ വായ്പ ലഭിക്കുകയും ചെയ്യും.
4.5 ശതമാനം പലിശയ്ക്കു നബാർഡിൽ നിന്നു ലഭിക്കുന്ന പുനർവായ്പ ജില്ലാ ബാങ്ക് എന്ന ഒരു തലം ഒഴിവായാൽ കർഷകർക്കു നിലവിലെ ഏഴു ശതമാനം എന്ന പലിശ നിരക്കിൽ നിന്നു കുറച്ചു നൽകാൻ കേരള ബാങ്കിലൂടെ കഴിയും. ഇതിലൂടെ കാർഷികേതര വായ്പകളുടെ പലിശ നിരക്കു കുറയ്ക്കാനും സാധിക്കും.
വിദേശത്തു ജോലി ചെയ്യുന്നവർ പ്രതിവർഷം 1.5 ലക്ഷം കോടിയോളം രൂപയാണു നാട്ടിലേയ്ക്ക് അയക്കുന്നത്. എൻആർഐ നിക്ഷേപങ്ങൾ സ്വീകരിക്കാനുള്ള റിസർവ് ബാങ്കിന്റെ സാന്പത്തിക മാനദണ്ഡങ്ങൾ പാലിക്കാൻ സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകൾക്കു കഴിയാത്തതിനാൽ ഈ നിക്ഷേപം ഇവിടേക്കു വരുന്നില്ല. എന്നാൽ, ഇവ സംയോജിച്ച് ഏകോപിതമാകുന്പോൾ പ്രവാസി നിക്ഷേപത്തിന്റെ ഗണ്യമായ ഭാഗം കേരള ബാങ്കിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇപ്പോൾ സ്വകാര്യ-ദേശസാത്കൃത ബാങ്കുകൾ സ്വീകരിക്കുന്ന ഹിഡൻ ഫീസുകൾ കേരള ബാങ്കിൽ ഉണ്ടാകില്ല. ഇപ്പോൾ സഹകരണ ബാങ്കുകളിൽ 50 വയസിനു താഴെ പ്രായമുള്ള ഗുണഭോക്താക്കൾ 23 ശതമാനത്തിനടുത്തു മാത്രമാണ്. ആധുനിക ബാങ്കിംഗ് സൗകര്യങ്ങളൊരുക്കാൻ സംസ്ഥാനത്തെ സഹകരണ മേഖലയ്ക്കു കഴിയുന്നില്ല. എന്നാൽ, കേരള ബാങ്കിലൂടെ ആധുനിക സൗകര്യങ്ങൾ ലഭിക്കും. എടിഎം കൗണ്ടറുകൾ, ഡെബിറ്റ് കാർഡ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും.
കേരള ബാങ്ക് രൂപീകൃതമാകുന്നതോടെ അതിന്റെ ഉടമസ്ഥതയും വോട്ടവകാശവും കാർഷിക വായ്പാ സംഘങ്ങളിലും അർബൻ സഹകരണ ബാങ്കുകളിലുമായി നിജപ്പെടും. എന്നാൽ, വായ്പേതര സംഘങ്ങൾക്കു നിലവിലെ രീതിയിൽ എല്ലാവിധ വായ്പാ സേവനങ്ങളും ലഭിക്കുകയും ചെയ്യും. സംസ്ഥാനത്തെ ത്രിതല ഹ്രസ്വകാല കാർഷിക വായ്പാ സംവിധാനം സംസ്ഥാന സഹകരണ ബാങ്ക്, 14 ജില്ലാ സഹകരണ ബാങ്കുകൾ, 1600-ലധികം വരുന്ന പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ എന്നിവ കൂടിച്ചേർന്ന ഒരു സംവിധാനമാണ്. പ്രാഥമിക സഹകരണ സംഘങ്ങൾ, അർബൻ ബാങ്കുകൾ, ജില്ലാ കാർഷിക വികസന ബാങ്കുകൾ എന്നിവയുടെ നിലവിലെ ഘടനയ്ക്കോ ഭരണ സംവിധാനത്തിനോ മാറ്റമുണ്ടാകില്ല. ജില്ലാ ബാങ്കുകളുടെ ഡയറക്ടർ ബോർഡ് ഇല്ലാതാകുമെന്നതാണ് ഏക ആശങ്ക.