ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്താൻ ജോളി ശ്രമിച്ചതു മൂന്നുവട്ടം. പൊന്നാമറ്റം വീട്ടിലെ തെളിവെടുപ്പിനിടെയാണു ജോളി ഇക്കാര്യം പോലീസിനോടു വെളിപ്പെടുത്തിയത്.
സിലിയെ കൊലപ്പെടുത്താൻ ശ്രമം നടത്തിയതിനെ കുറിച്ചു സിലിയുടെ ആദ്യ ഭർത്താവും ജോളിയുടെ നിലവിലെ ഭർത്താവുമായ ഷാജുവിന് അറിയാമായിരുന്നു. ഒരു തവണ മരുന്നിൽ സയനൈഡ് കലർത്താൻ ഷാജുവാണു സഹായിച്ചതെന്നും ജോളി മൊഴി നൽകിയിട്ടുണ്ട്.
2016 ജനുവരി 11-നാണ് സിലി മരിക്കുന്നത്. ആ ദിവസം ജോളിക്കൊപ്പം ഒരു ബന്ധുവിന്റെ വിവാഹത്തിന് പോയിരുന്നു. തിരികെ താമരശേരിയിൽ എത്തിയപ്പോൾ ഭർത്താവ് ഷാജുവും അവിടെത്തി. തുടർന്ന് മൂന്നുപേരും കൂടി ദന്തഡോക്ടറെ കാണാൻ പോയി. സിലിയുടെ സഹോദരും ഇവരെ കാണാൻ അവിടെ എത്തിയിരുന്നു.
ഷാജു ഡോക്ടറെ കാണാൻ അകത്തു കയറിയപ്പോൾ സിലി ജോളിയുടെ മടിയിലേക്കു കുഴഞ്ഞുവീഴുകയായിരുന്നു. വായിൽനിന്നു നുരയും പതയും വരുന്നുണ്ടായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തൊട്ടടുത്ത വർഷമാണു ഷാജു ജോളിയെ വിവാഹം കഴിച്ചത്.