രണ്ടാം ഭർത്താവ് ഷാജുവിന്റെ ഒന്നരവയസുകാരി മകൾ ആൽഫൈനെ താൻ സയനൈഡ് നൽകി കൊലപ്പെടുത്തിയിട്ടില്ലെന്ന് കൂടത്തായി കൊലപാതക പരന്പരയിലെ മുഖ്യപ്രതി ജോളിയുടെ മൊഴി. കുട്ടിക്ക് ഭക്ഷണം നൽകിയതു ഷാജുവിന്റെ സഹോദരി ഷീനയാണെന്നും ജോളി പോലീസിനോടു പറഞ്ഞു. ഷാജുവിന്േറയും സക്കറിയയുടേയും മൊഴിയെടുക്കൽ പൂർത്തിയായി.
ഷാജുവിന്റെ മൂത്തമകൻ ഏബലിന്റെ ആദ്യകുർബാന ദിവസമാണ് ആൽഫൈൻ മരിക്കുന്നത്. 2014 മേയ് ഒന്നിനായിരുന്നു ഈ സംഭവം. കോടഞ്ചേരി സെന്റ് മേരീസ് ദേവാലയത്തിലെ ചടങ്ങുകൾക്കുശേഷം രാവിലെ 11നോടെ എല്ലാവരും ഷാജുവിന്റെ പുലിക്കയത്തെ പൊന്നാമറ്റത്തിൽ വീട്ടിലെത്തി. പ്രാതലിന് അപ്പവും ബീഫ് കറിയും ഉണ്ടായിരുന്നു. എന്നാൽ കുഞ്ഞായതിനാൽ ആൽഫൈന് ബ്രഡ് ഇറച്ചിക്കറിയിൽ മുക്കിയാണ് നൽകിയത്. നിമിഷമാത്രയിൽ ആൽഫൈൻ ചുമച്ചുകൊണ്ട് കുഴഞ്ഞുവീണു.
ഭക്ഷണം നെറുകയിൽ കയറിയതാണെന്നു പറഞ്ഞ് കുഞ്ഞിനെ ഓമശേരി ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയ ആൽഫൈൻ മൂന്നാം ദിവസം മരിച്ചു. 2016 മേയ് 11ന് ആൽഫൈനിന്റെ അമ്മ സിലിയും ഇതേ വിധത്തിൽ മരിച്ച് ഒരുവർഷം കഴിയവെ ജോളിയും ഷാജുവുമായുള്ള പുനർവിവാഹം നടന്നു.