ന്യുജേഴ്‌സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാം അന്തര്‍ദേശീയ കോണ്‍ഫറന്‍സിനു സൗഹൃദസംഗമത്തോടെ തുടക്കമായി. മന്ത്രി കെ.ടി. ജലീല്‍ അടക്കമുള്ള അതിഥികളുടെ സാന്നിധ്യത്തില്‍ നടന്ന സംഗമത്തില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ത്രിദിന കോണ്‍ഫറന്‍സിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന്(ശനി) മന്ത്രി കെ.ടി. ജലീല്‍ നിവഹിക്കും

ഇന്നലെ നടന്ന സൗഹൃദസംഗമത്തില്‍ അമേരിക്കന്‍ മലയാളികളായ ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തു. പ്രസ് ക്ലബ് പ്രസിഡന്റ് മധു കൊട്ടാരക്കരയും സെക്രട്ടറി സുനില്‍ തൈമറ്റവും സംഗമത്തിനെത്തിയവരെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. ക്ലബിന്റെ എട്ടു ചാപ്റ്ററുകളില്‍ നിന്നുള്ള പ്രതിനിധികളും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നു. ഇന്ന് (ഒക്േടോബര്‍ 11 വെള്ളി) രാവിലെ 10 മണി മുതല്‍ സെമിനാറുകള്‍ തുടങ്ങും.

പത്ത് മണി മുതല്‍ 11:30 വരെ നടക്കുന്ന സെമിനാര്‍ ഫ്രണ്ട് ലൈന്‍ ഹിന്ദു അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ നയിക്കും. വിഷയം: വിധ്വംസക കാലത്തെ വിധേയത്വ വിളയാട്ടങ്ങള്‍, മാധ്യമങ്ങള്‍ സമകാലിക ഇന്ത്യയില്‍. ജോര്‍ജ് ജോസഫ് മോഡറേറ്ററായിരിക്കും. ഉച്ചക്ക് 2നു ഫേസ്ബുക്കിലെ തരംഗമായ വിനോദ് നാരായണന്‍ (ബല്ലാത്ത പഹയന്‍) നയിക്കുന്ന സെമിനാര്‍. വാര്‍ത്തകളുടെ ഉള്ളടക്കം; സൃഷ്ടിയും അവതരണവും എന്നതാണ് വിഷയം.

വൈകിട്ട് 5.30 മണിക്ക് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. മന്ത്രി കെ.ടി ജലീല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ത്യ പ്രസ്‌ക്ലബ് പ്രസിഡന്റ് മധു കൊട്ടാരക്കര അധ്യക്ഷത വഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് ഓള്‍ഡ് ഈസ് ഗോള്‍ഡ് ഗാനസന്ധ്യ ‘ഹൃദയതാളം’നടക്കും. പത്ത് ഗായകര്‍ പഴയ ഗാനങ്ങള്‍ ആലപിക്കുന്ന പുതുമയാര്‍ന്ന പരിപാടിയാണിത്. 12-ാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 11.30 വരെ വ്യാജ വാര്‍ത്തകള്‍ക്കു പിന്നിലെ വസ്തുതകള്‍’ എന്ന വിഷയത്തെപറ്റി മനോരമ ടിവി ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് നയിക്കുന്ന സെമിനാര്‍. ടാജ് മാത്യു മോഡററേറ്റര്‍ ആയിരിക്കും. ഉച്ചക്ക് 1.30 മുതല്‍ മൂന്നു മണി വരെ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ നയിക്കുന്ന സെമിനാര്‍. ഏഷ്യാനെറ്റ് ന്യൂസ് യുഎസ് കറസ്‌പോണ്ടന്റ് ഡോ. കൃഷ്ണ കിഷോര്‍ മോഡറേറ്റായിരിക്കും.

വൈകിട്ട് 5.30 മണിക്ക് സമാപന സമ്മേളനം. ചടങ്ങില്‍ ഇന്ത്യാ പ്രസ് ക്ലബ് അവാര്‍ഡ് ജേതാക്കള്‍ക്ക് മന്ത്രി കെ.ടി. ജലീല്‍ പുരസ്‌കാരങ്ങള്‍ നല്‍കും. കോണ്‍ഫറന്‍സ് വിജയമാക്കാന്‍ സഹായിച്ച സ്‌പോണ്‍സര്‍മാരെയും ആദരിക്കും. കൂടാതെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉണ്ടാവും.