സ്റ്റേറ്റിനു പുറത്തു നിന്നുള്ളവര്‍ ഉന്നത വിദ്യാഭ്യാസത്തിനെത്തുന്ന കേന്ദ്രമായി കേരളത്തേയും കേരളത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും മാറ്റുക എന്നതാണ് അടിയന്തര ലക്ഷ്യമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍. എല്ലാവിധ സൗകര്യങ്ങളും മികച്ച സ്ഥാപനങ്ങളുംകേരളത്തിലുണ്ട്. പക്ഷെ നാം അത് മാര്‍ക്കറ്റ് ചെയ്തിട്ടില്ല. നമ്മുടെ മൗനം മൂലം പുറത്തുള്ളവര്‍ നമ്മുടെ സ്ഥാപനങ്ങളെപ്പറ്റി അറിയുന്നുമില്ല, വരുന്നുമില്ല. അതു മാറണം. ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ത്രിദിന സമ്മേളനത്തില്‍ പങ്കെടുക്കാനായി ആദ്യമായി അമേരിക്ക സന്ദര്‍ശിക്കുന്ന മന്ത്രി പറഞ്ഞു.

ഇപ്പോള്‍ കേരളത്തില്‍ 50,000 എന്‍ജിനീയറിംഗ് സീറ്റില്‍ പഠിക്കാന്‍ കുട്ടികളില്ല. മാലദ്വീപിലുള്ളവര്‍ ചികിത്സയ്ക്കായി കേരളത്തില്‍ വരും. പക്ഷെ പഠിക്കാന്‍ വരുന്നില്ല. എന്താണ് കാരണമെന്നു കണ്ടെത്താന്‍ തന്നെയാണ് തീരുമാനം. ഇന്ത്യയില്‍ ഏറ്റവും സുരക്ഷിതമായി പഠിക്കാവുന്ന സ്ഥലമാണ് കേരളം. ഏതു നാട്ടില്‍ നിന്നു വന്നുവെന്നു മറച്ചു വെയ്ക്കാതെ ഇവിടെ ജീവിക്കാന്‍ കഴിയും- മറ്റു പലയിടത്തും അതല്ല സ്ഥിതി. കേരളത്തില്‍ പഠിക്കുന്നവര്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കുന്നുവെങ്കിലും സിവില്‍ സര്‍വീസിലും മറ്റും അതു കാണുന്നില്ല. അക്കാര്യവും ശ്രദ്ധിക്കും.

അമേരിക്കയില്‍ എന്‍ജീനീയറിംഗ് രംഗത്തും മറ്റുമുള്ളവര്‍ നാട്ടിലെ ഏതെങ്കിലും സ്ഥാപനത്തിന്റെ മെന്റോര്‍മാരായി മുന്നോട്ടുവന്നാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവും. എഞ്ചിനിയര്‍മാരായുംപ്രൊഫഷണല്‍സ് ആയും അമേരിക്കയിലെത്തുന്ന മലയാളികളുടെഎണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം ബന്ധത്തിനു കഴിയും.

ശനിയാഴ്ച അമേരിക്കയില്‍ നിന്നു മടങ്ങിയാല്‍ ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന അരൂര്‍, വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം എന്നിവടങ്ങളില്‍ പ്രചാരണത്തിനിറങ്ങും. ഇലക്ഷന്‍ നടക്കുന്ന അഞ്ചു സീറ്റില്‍ ഭൂരിപക്ഷവും ഇടതുപക്ഷം തന്നെ നേടും. കേരളത്തില്‍ ഏതു പ്രശ്നവും ഒരു ഇലക്ഷന്‍ കാലത്തില്‍ കൂടുതല്‍ നില്‍ക്കാറില്ല. ശബരിമല പ്രശ്നമൊക്കെ ലോക്സഭാ ഇലക്ഷനോടെ കഴിഞ്ഞു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും മറ്റുമുള്ള പ്രതീക്ഷയാണ് ലോക്സഭാ ഇലക്ഷനില്‍ സംഭവിച്ചത്.രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവും യു.ഡി.എഫിനു ഗുണകരമായി..

എന്നാല്‍ അതുകഴിഞ്ഞ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പാലായിലും ഇടതുപക്ഷം വിജയംകണ്ടു. കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകണമെന്നും പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകണമെന്നും ജനം ആഗ്രഹിക്കുന്നു. പിണറായിക്കെതിരേ മാധ്യമങ്ങള്‍ നിലകൊണ്ടാലും സാധാരണ ജനം അതു ചെവിക്കൊള്ളുന്നില്ല. ബി.ജെ.പി ഈ തെരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കില്ല. ബി.ജെ.പി വോട്ട് കുറയുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്. വോട്ട് വില്‍ക്കുന്നവരെന്ന പേരുദോഷവുമുണ്ട്.

കേരളത്തില്‍ മൂന്നു ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മടങ്ങിയെത്തിയത്. മികച്ച സ്‌കൂളും സൗകര്യങ്ങളും പൊതു വിദ്യാഭ്യാസ മേഖലയുടെ പ്രതിച്ഛായ മാറ്റി. ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ അടക്കമുള്ള വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ ഈ സര്‍ക്കാര്‍ ഇച്ഛാശക്തി കാട്ടി. ക്ഷേമ പെന്‍ഷന്‍ തുക കൂട്ടി. രണ്ടര കോടി ജനങ്ങളില്‍ 50 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നു. ജന സംഖ്യയുടെ അഞ്ചിലൊന്നു പേര്‍.

യൂണിവേഴ്സിറ്റികളിലും മറ്റും ഈവര്‍ഷം നേരത്തെ ക്ലാസുകള്‍ തുടങ്ങിയെന്നതാണ് താന്‍ ചാര്‍ജെടുത്തതിനു ശേഷമുള്ള മാറ്റം. രണ്ടുവര്‍ഷത്തെ പ്രളയവും നാശനഷ്ടവുമാണ് കേരളം നേരിടുന്ന വലിയ പ്രതിസന്ധി. പക്ഷെ ശക്തമായ നടപടികള്‍ സ്വീകരിച്ചു. മുന്‍കരുതലുകളും. സഹായ തുക ദുരുപയോഗം ചെയ്തുവെന്നതൊക്കെ വെറും നുണയാണ്. ചെയ്യുന്ന കാര്യങ്ങള്‍ കൊട്ടിഘോഷിക്കുന്ന പതിവ് സര്‍ക്കാരിനില്ല. ബി.ജെ.പിയുടെ ഭരണത്തില്‍ ഇന്ത്യയില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന അവസ്ഥയുണ്ട്. നിസഹായരെ ജനം അടിച്ചുകൊല്ലുന്ന സ്ഥിതി. സ്ത്രീകള്‍, ദളിതര്‍, ന്യൂനപക്ഷം എന്നിവരാണ് വേട്ടയാടപ്പെടുന്നത്. അടിച്ചുകൊല്ലുന്നത് വീഡിയോയിലാക്കി ആഘോഷിക്കുന്ന കിരാതത്വത്തിലേക്ക് രാജ്യം വഴുതിവീണു. അതിനെതിരേ മിണ്ടാട്ടമില്ല. നടപടികളുമില്ല.കേരളത്തില്‍ സദാചാര കൊലയ്ക്കെതിരേ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്.

കോടതികള്‍ വലതുപക്ഷവത്കരിക്കപ്പെട്ടിരിക്കുന്നു എന്നതു ദുഖസത്യമാണ്. പല വിധികളും അതു തെളിയിക്കുന്നതാണ്. അമേരിക്കയില്‍ കേന്ദ്രത്തിലും സ്റ്റേറ്റിലും പ്രത്യേകം ഭരണഘടനയും പതാകകളുണ്ടെങ്കിലും അതിലൊരു കുഴപ്പവും ആരും കാണുന്നില്ല. സിലികോണ്‍ വാലിയിലുള്ള പുത്രിയേയും കുടുംബത്തേയും സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ന്യൂജഴ്സിയിലെത്തിയത്. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയിലും വ്യവസായ പ്രമുഖരുമായും അദ്ദേഹം ചര്‍ച്ച നടത്തും.