2019 സെപ്റ്റംബര്‍ 28 ശനിയാഴ്ച ഗ്ലെന്‍ഓക്‌സ് ഹൈസ്‌ക്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ‘പൊന്നോണം 2019’ വര്‍ണ്ണാഭമായി ആഘോഷിച്ചു.
ഉച്ചയ്ക്കു പന്ത്രണ്ടുമണിക്ക് സ്‌ക്കൂള്‍ ഹാളില്‍ കലാപരമായി ഒരുക്കിയ അത്തപ്പൂക്കളത്തോടു ചേര്‍ന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയില്‍, സമാജം പ്രസിഡന്റ് വിന്‍സന്റ് സിറിയക്, ബോര്‍ഡ് ഓഫ് ട്രസ്റ്റി വൈസ് ചെയര്‍മാന്‍ കുഞ്ഞുമാലിയില്‍, വൈസ് പ്രസിഡന്റ് സരോജം വര്‍ഗീസ്, എന്നിവരോടൊപ്പം മറ്റു സമാജകമ്മറ്റി അംഗങ്ങളുടെ ഭാര്യമാരും ചേര്‍ന്ന് നിലവിളക്കു കൊളുത്തിയതോടെ ഓണാഘോഷങ്ങള്‍ ആരംഭിച്ചു.
തിരുവോണത്തിന്റെ പ്രത്യേകത നിറഞ്ഞ വിഭവങ്ങളോടുകൂടിയ ഓണസദ്യയില്‍ അതിഥികളായെത്തിയ എല്ലാവരും സസന്തോഷം പങ്കെടുത്തു. രണ്ടു മണിയോടുകൂടി കൂത്തുവിളക്ക് താലപ്പൊലി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ സമാജഭാരവാഹികള്‍ മാഹബലിയെ വേദിയിലേക്ക് ആനയിച്ചു. പ്രസിഡന്റും മറ്റു ഭാരവാഹികളും ചേര്‍ന്ന് നിലവിളക്കും തെളിച്ച് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കേരളത്തിന്റെ കലാവൈശിഷ്ട്യങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് അമേരിക്കന്‍ മലയാളി മങ്കമാര്‍ അവതരിപ്പിച്ച തിരുവാതിര അത്യാകര്‍ഷകമായിരുന്നു. സമാജം സെക്രട്ടറി വറുഗീസ് ജോസഫ് സദസ്സിനെ പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് സരോജാ വര്‍ഗീസ് സദസ്സിന് സ്വാഗതം അര്‍പ്പിച്ചു.
ഹോ.സെനറ്റര്‍ ജോണ്‍ എല്‍എന്‍, ഹോ.സെനറ്റര്‍ കെവിന്‍ തോമസ്, അഡ്വ.ജോയി തോമസ്, ഫോമ, ഫൊക്കാന ഇതര സഹോദരസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യം സദസ്സിനെ സമ്പന്നമാക്കി. പ്രസിഡന്റ് വിന്‍സന്റ് സിറിയക്ക് സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഹോ.സെനറ്റര്‍ ജോണ്‍ എല്‍.എന്‍., കെവിന്‍ തോമസ് എന്നിവര്‍ വിജ്ഞാനപ്രദമായ സംഭാഷണം നടത്തുകയും, കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന് ‘വിജ്ഞാപനം’ നല്‍കി ആദരിക്കുകയും ചെയ്തു.
സോമനാഥന്‍നായര്‍ ഓണത്തിന്റെ പിന്നിലുള്ള ആചാരങ്ങളെയും വിശ്വാസങ്ങളെയും അനുസ്മരിപ്പിച്ചുകൊണ്ട്, ഓണസന്ദേശം ന്ല്‍കി. തുടര്‍ന്നു നടന്ന കലാപരിപാടികള്‍, ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, നാടോടി നൃത്തം, ഇമ്പമേറിയ ഗാനാലാപനങ്ങള്‍, ഏറ്റവും ഒടുവിലായി കേരളത്തിന്റെ സ്വന്തം എന്നവകാശപ്പെടാവുന്ന കുട്ടനാടന്‍ വള്ളംകളി എന്നിവ സദസ്സിന്റെ കണ്ണിനും കാതിനും ഉ്ത്സവപ്രതീതി നല്‍കുന്നവയായിരുന്നു. ജോയിന്റ് സെക്രട്ടറി പോള്‍ പി. ജോസ് നന്ദിരേഖപ്പെടുത്തി.
എം.സി. എന്ന നിലയില്‍ ശീതള്‍ സൂസന്‍ വറുഗീസിന്റെ സമയോചിതമായ പ്രകടനം കലാപരിപാടികളെ കൂടുതല്‍ ആകര്‍ഷകമാക്കി. ദേശീയ ഗാനത്തോടെ കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ‘പൊന്നോണം 2019’ ന് തിരശ്ശീല വീണു.





