ഇസ്തംബുള്‍: വടക്കുകിഴക്കന്‍ സിറിയയുടെ അതിര്‍ത്തിയില്‍ തുര്‍ക്കിയുടെ സൈനികനടപടി രണ്ടാം ദിവസത്തിലേക്കു കടന്നതോടെ ആയിരങ്ങള്‍ അതിര്‍ത്തി പട്ടണങ്ങളില്‍നിന്നു പലായനം ചെയ്യുകയാണ്. കുര്‍ദിഷ് തീവ്രവാദികളെ തൂത്തെറിയാനാണ് ആക്രമണമെന്നാണ് തുര്‍ക്കി സൈന്യത്തിന്റെ വാദം.
യുഎസ് പിന്തുണയുള്ള കുര്‍ദുകള്‍ക്കെതിരെ നടത്തിയ ഷെല്ലാക്രമണങ്ങളില്‍ ഒട്ടേറേപ്പേര്‍ കൊല്ലപ്പെട്ടെതായാണു സൂചന. 174 ഭീകരരെ വകവരുത്തിയെന്ന് തുര്‍ക്കി സൈന്യം അവകാശപ്പെട്ടു. സിറിയയില്‍നിന്നുള്ള പ്രത്യാക്രമണത്തില്‍ തുര്‍ക്കിയില്‍ 9 മാസം പ്രായമുള്ള കുഞ്ഞ് അടക്കം 6 പേര്‍ കൊല്ലപ്പെട്ടു. 70 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.
മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ വേണ്ടിയാണ് ആക്രമണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ പറഞ്ഞു. തുര്‍ക്കിയുടെ ദക്ഷിണാതിര്‍ത്തിയിലെ തീവ്രവാദ ഇടനാഴിയെ തടയാനാണ് നടപടിയെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
തുര്‍ക്കി അതിര്‍ത്തിയോടു ചേര്‍ന്ന സിറിയന്‍ പട്ടണങ്ങളായ തല്‍ അബിയാദ്, റാസല്‍ ഐന്‍ എന്നിവ ലക്ഷ്യമിട്ടു കനത്ത ഷെല്ലാക്രമണമാണു തുര്‍ക്കി സൈന്യം നടത്തുന്നത്. മേഖലയിലെ കുര്‍ദ് പോരാളികളെ തുരത്തിയ ശേഷം അതുവഴി സിറിയന്‍ അഭയാര്‍ഥികളെ തിരിച്ച് അയയ്ക്കുകയാണു ലക്ഷ്യമെന്നാണു തുര്‍ക്കിയുടെ നിലപാട്. തുര്‍ക്കിയുടെ സൈനിക നടപടിക്കു മുന്‍പേ സിറിയന്‍ അതിര്‍ത്തിയിലെ യുഎസ് സൈന്യത്തെ ട്രംപ് പിന്‍വലിച്ചിരുന്നു. അതിനിടെ, തുര്‍ക്കിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യം യുഎസ് കോണ്‍ഗ്രസില്‍ ശക്തമായി. ഈ സാഹചര്യത്തില്‍ തുര്‍ക്കി കറന്‍സിയുടെ മൂല്യം ഇന്നലെ ഇടിഞ്ഞു.