ബെല്‍ഗ്രേഡ്: ആസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍ഡ്കെക്ക് നൊബേല്‍ പുരസ്കാരം നല്‍കിയതില്‍ എതിര്‍പ്പ് ശക്തം. അല്‍ബേനിയ, ബോസ്നിയ, കൊസോവോ എന്നീ രാജ്യങ്ങളിലാണ് പ്രതിഷേധം ഉയരുന്നത്. ബോസ്നിയ, െക്രായേഷ്യ, കെസോവോ എന്നിവിടങ്ങളില്‍ സെര്‍ബുകള്‍ നടത്തിയ വംശഹത്യയിലുള്ള പങ്കില്‍ ശിക്ഷിക്കപ്പെട്ട സെര്‍ബിയന്‍ മുന്‍ പ്രസിഡന്‍റ് സ്ലോബോഡന്‍ മിലോസെവികിന്‍െറ ആരാധകനായ പീറ്റര്‍ ഹാന്‍ഡ്കെക്ക് നൊബേല്‍ പുരസ്കാരം നല്‍കിയതിനാണ് എതിര്‍പ്പ്.
അന്താരാഷ്ട്ര യുദ്ധ കോടതി യുദ്ധകുറ്റവാളിയായി കണ്ടെത്തിയ മിലോസവികിെന ന്യായീകരിച്ച ഹാന്‍ഡ്കെക്ക് പുരസ്കാരം നല്‍കിയത് ഇന്നലെ തന്നെ വിവാദമായിരുന്നു. ബോസ്നിയന്‍ മുസ്ലിം വംശഹത്യക്ക് നേതൃത്വം നല്‍കിയ മിലോസവികിനെ ന്യായീകരിച്ചതിന്‍െറ പേരില്‍ സല്‍മാന്‍ റുഷ്ദി അടക്കമുള്ള നിരവധി എഴുത്തുകാര്‍ ഹാന്‍ഡ്കെയെ നേരത്തേതന്നെ വിമര്‍ശിച്ചിരുന്നു.
മിലോസവികിന്‍െറ സ്ഥാനത്ത് ആരായിരുന്നാലും സ്വന്തം രാജ്യത്തിന്‍െറ അഖണ്ഡത സംരക്ഷിക്കാന്‍ ഇതു തന്നെ ആയിരിക്കും ചെയ്യുകയെന്നാണ് ഹാന്‍ഡ്കെ പറഞ്ഞിരുന്നത്.
നോബല്‍ പുരസ്കാരം ഒരിക്കലും മനംപുരട്ടല്‍ തോന്നിക്കുമെന്ന് കരുതിയില്ലെന്ന് അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡി റാമ ട്വീറ്റ് ചെയ്തു. ”നോബല്‍ പുരസ്കാരം ഒരിക്കലും മനംപുരട്ടല്‍ തോന്നിക്കുമെന്ന് കരുതിയില്ല. എന്നാല്‍, നാണക്കേട് പൊതിഞ്ഞ് അതിന് പുതിയ മൂല്യം നല്‍കിയ നൊബേല്‍ അക്കാദമിയുടെ ലജ്ജാവഹമായ തെരഞ്ഞെടുപ്പിന് ശേഷം നാണക്കേട് എന്നത് നാം ജീവിക്കുന്ന ലോകത്തിന്‍െറ സാധാരണ സംഭവം മാത്രമായി മാറിയിരിക്കുന്നു. വംശീയതക്കും കൂട്ടക്കൊലക്കും നേരെ മരവിച്ചിരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല.” എന്നായിരുന്നു എഡി റാമയുടെ ട്വീറ്റ്.
1942 ഡിസംബര്‍ ആറിന് തെക്കന്‍ ഓസ്ട്രിയയിലെ ഗ്രിഫന്‍ എന്ന പ്രദേശത്താണ് പീറ്റര്‍ ജനിച്ചത്. പിതാവ് സൈനികനായിരുന്നു. സ്ലൊവീനിയന്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടയാളായിരുന്നു മാതാവ്.