കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയിലെ പ്രതി ജോളി ഭൂമി സംബന്ധമായി നടത്തിയ ക്രമക്കേടുകളുടെ മുഴുവന്‍ വിവരങ്ങളും നല്‍കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ വടകര റൂറല്‍ എസ്.പിയോട് ആവശ്യപ്പെട്ടു. വ്യാജ ഒസ്യത്തുണ്ടാക്കാന്‍ ജോളിയെ സഹായിച്ച തഹസില്‍ദാരുടെ മൊഴി രേഖപ്പെടുത്തിയാലുടന്‍ റവന്യൂമന്ത്രിക്ക് കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് കൈമാറും.

ജോളിയുടെ പേരില്‍ കരം സ്വീകരിച്ച കൂടത്തായി മുന്‍ വില്ലേജ് ഓഫിസറോടും അസിസ്റ്റന്റിനോടും കളക്ടറേറ്റില്‍ നേരിട്ടെത്തി വിശദീകരണം നല്‍കാനും നിര്‍ദേശിച്ചു. ആക്ഷേപം പരിശോധിക്കുന്ന ഡെപ്യൂട്ടി കളക്ടര്‍ സി.ബിജുവാണ് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയത്.

38.45 സെന്റ് ഭൂമിയുള്ള പൊന്നാമറ്റം വീടിന്റെ നികുതി മരിച്ച ടോം തോമസിന്റെ മകന്‍ റോജോയുടെ പേരിലാണ് അടച്ചിരുന്നത്. എന്നാല്‍, 2012 -2013 ല്‍ ജോളിയുടെ പേരില്‍ കരം സ്വീകരിച്ചു. ഇതില്‍ പരാതി ഉയര്‍ന്നതോടെ അടുത്തവര്‍ഷം വീണ്ടും റോജോയുടെ പേരില്‍ നികുതിയൊടുക്കുകയായിരുന്നു. ഏതൊക്കെ രേഖകളുടെ അടിസ്ഥാനത്തിലാണ് കരമൊടുക്കിയത്. പിഴവുണ്ടായെങ്കില്‍ അത് ബോധപൂര്‍വമായിരുന്നോ. ഉദ്യോഗസ്ഥരുെട ഇടപെടലിന് മറ്റാരുടെയെങ്കിലും പ്രേരണയുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.

ജോളിക്ക് വ്യാജ ഒസ്യത്തുണ്ടാക്കാന്‍ തഹസില്‍ദാര്‍ ജയശ്രീ വാര്യര്‍ സഹായം നല്‍കിയെന്ന ആരോപണത്തിലും അന്വേഷണം നടക്കുന്നുണ്ട്. റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരായ മുഴുവന്‍ പരാതിയിലും കൃത്യമായ പരിശോധനയ്ക്കാണ് പൊലീസ് റിപ്പോര്‍ട്ട് കൂടി തേടിയിട്ടുള്ളത്. കൂടത്തായി വില്ലേജ് ഓഫിസിലെ ലഭ്യമായ മുഴുവന്‍ രേഖകളും പരിശോധിക്കുന്നതിനാണ് നിര്‍ദേശം.

കൂടത്തായി ഭൂമി വിഷയത്തില്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞ ദിവസമാണ് റവന്യൂമന്ത്രി കളക്ടറെ ചുമതലപ്പെടുത്തിയത്. വിശദമായ റിപ്പോര്‍ട്ടിന് രണ്ടാഴ്ചത്തെ സമയമാണ് ഡെപ്യൂട്ടി കളക്ടര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.