കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ വാദങ്ങള്‍ തള്ളി വഫ ഫിറോസ് രംഗത്ത്. അപകടം നടന്ന സമയം വാഹനം ഓടിച്ചിരുന്നത് ശ്രീറാം തന്നെയാണെന്ന് വഫ ആവര്‍ത്തിച്ചു. അപകടത്തിന് ആറോ, ഏഴോ ദൃക്‌സാക്ഷികളുണ്ടെന്നും വഫ പറഞ്ഞു. താന്‍ ഇതുവരെ പറഞ്ഞതെല്ലാം സത്യമാണെന്നും, നാളെ തനിക്കെന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും, അധികാരം ഉപയോഗിച്ച്‌ ശ്രീറാമിന് എന്തും ചെയ്യാനാകുമെന്നും വഫ പറഞ്ഞു.

അപകടവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനില്‍ കഴിയുന്ന ശ്രീറാം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്‍കിയിരുന്നു. തനിക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും, സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ശ്രീറാം അഭ്യര്‍ത്ഥിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേജുള്ള വിശദീകരണകുറിപ്പ് ചീഫ് സെക്രട്ടറിക്ക് ശ്രീറാം നല്‍കിയിരുന്നു. അപകടസമയം വാഹനമോടിച്ചത് വഫായാണെന്നും ശ്രീറാം വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു. വിശദീകരണ കുറിപ്പിലെ ആരോപണങ്ങളെ തുടര്‍ന്നാണ് വഫ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.