പാരിസ്: വിനോദ സഞ്ചാരത്തിനായെത്തിയ ജപ്പാന്‍കാരന്റെ ആറ് കോടി വിലവരുന്ന വാച്ച്‌ മോഷ്ടിക്കപ്പെട്ടു. ഫ്രാന്‍സിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിന് പുറത്തുവെച്ചാണ് മോഷ്ടാവ് അതിവിദഗ്ധമായി വാച്ച്‌ തട്ടിയെടുത്തത്. നെപ്പോളിയന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിന് പുറത്ത് വെച്ചായിരുന്നു സംഭവം.

സിഗരറ്റ് വലിക്കാനായി ഹോട്ടലിന് പുറത്തിറങ്ങിയതായിരുന്നു ജപ്പാന്‍കാരനായ യുവാവ്. സിഗരറ്റ് ചോദിച്ച്‌ അടുത്തെത്തിയ യുവാവാണ് വാച്ചുമായി കടന്നു കളഞ്ഞത്. പോക്കറ്റില്‍ നിന്നും സിഗരറ്റെടുത്ത് നീട്ടുന്നതിനിടെ ഇയാള്‍ വാച്ച്‌ തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു.

770,000 യൂറോ വിലവരുന്ന റിച്ചാര്‍ഡ് മില്‍ എന്ന വാച്ചാണ് മോഷ്ടിക്കപ്പെട്ടത്. വിലപിടിപ്പുള്ള വാച്ചുകള്‍ മോഷ്ടിക്കുന്ന സംഘങ്ങള്‍ പാരീസില്‍ വ്യാപകമാണ്. ഈ വര്‍ഷം ഇതുവരെ മോഷണം പോയത് വിലപിടിപ്പുള്ള 12 ഓളം വാച്ചുകളാണ്. വിലയേറിയ രത്‌നങ്ങള്‍ പതിപ്പിച്ച വാച്ചാണിത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.