കൊച്ചി : പ്രണയം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന കാര്യങ്ങള്‍. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ദേവികയെ കണ്ട് സംസാരിക്കാനായിരുന്നു മിഥുന്‍ ട്യൂഷന്‍ ക്ലാസിലെത്തിയത്. ‘അവസാനമായി നിന്റെ വായില്‍ നിന്നു കേള്‍ക്കാന്‍ വന്നതാണ്’ – ദേവികയെ കാണാന്‍ ബുധനാഴ്ച വൈകിട്ട് അത്താണിയിലുള്ള ട്യൂഷന്‍ സെന്ററിലെത്തിയപ്പോള്‍ മിഥുന്‍ പറഞ്ഞതാണിത്. പ്രണയത്തിനു താല്‍പര്യമില്ലെന്നു പറഞ്ഞിട്ടും ‘ഇതു അവസാനത്തെ വാക്കാണോ’ എന്നായിരുന്നു മിഥുന്റെ ചോദ്യം.
കുറച്ചു കഴിഞ്ഞു വീണ്ടും മിഥുന്‍ വന്ന് ചോദിച്ച കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചിട്ടു പോകുമ്ബോള്‍ മനസില്‍ കൊല്ലണമെന്ന ഉദേശമുണ്ടെന്നു കരുതിയില്ലെന്നു കാക്കനാട് അത്താണിയില്‍ പൊള്ളലേറ്റു മരിച്ച കാളങ്ങാട്ട് പദ്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവികയുടെ ട്യൂഷന്‍ ക്ലാസിലെ സഹപാഠി പറഞ്ഞു. പുറത്തുനിന്ന് ഒരാള്‍ ദേവികയെ വിളിക്കുന്നതു കണ്ട് ടീച്ചര്‍ തന്നെയാണ് സംസാരിച്ചിട്ടു വരാന്‍ ദേവികയോടു പറഞ്ഞത്. മറ്റൊരു സുഹൃത്തും ദേവികയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.
ബുധനാഴ്ച ദേവികയുടെ സ്‌കൂളിലെത്തിയും മിഥുന്‍ ശല്യപ്പെടുത്തിയിരുന്നതായി സഹപാഠികളില്‍ ഒരാള്‍ വെളിപ്പെടുത്തുന്നു. അപ്പോഴെല്ലാം പ്രണയത്തിന് താല്‍പര്യമില്ലെന്നായിരുന്നു ദേവികയുടെ മറുപടി. ഇവര്‍ അമ്മ വഴി ബന്ധുക്കളാണെന്നു നേരത്തെ പറഞ്ഞിരുന്നു. ഇടയ്ക്ക് കാണാന്‍ വരുമായിരുന്നെന്നും അറിയാം. പക്ഷെ പ്രണയമായിരുന്നെന്നു കരുതുന്നില്ല എന്നാണ് സഹപാഠികള്‍ പറയുന്നത്.
ഏതാനും ദിവസങ്ങള്‍ മുന്‍പു മിഥുന്‍ ദേവികയ്ക്കു നല്‍കാന്‍ ഒരു മൊബൈല്‍ ഫോണുമായി വീട്ടില്‍ വന്നതായി അയല്‍വാസികള്‍ പറയുന്നു. അന്ന് അത് വാങ്ങാതിരുന്ന ദേവികയെ ഇയാള്‍ മര്‍ദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പിതാവ് ഷാലന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ വൈരാഗ്യം കൂടിയാണ് കൊലപാതകത്തിലേയ്ക്കു നയിച്ചത് എന്നാണ് പൊലീസ് കരുതുന്നത്.