തൊടുപുഴ: കേരളമനസാക്ഷിയെ നടുക്കിയ കൂടത്തായി കൊലപാതക പരമ്ബര കേസിലെ മുഖ്യപ്രതി ജോളി നുണ പരിശോധനയ്ക്ക് വിധേയയാകുന്നതു സംബന്ധിച്ച് ഉപദേശം തേടിയത് സഹോദരീ ഭര്‍ത്താവിനോട്. തന്നോട് നുണപരിശോധന സംബന്ധിച്ച കാര്യങ്ങള്‍ ആലോചിച്ചിരുന്നുവെന്ന് സഹോദരീഭര്‍ത്താവ് ജോണി മാധ്യമങ്ങളോടു പറഞ്ഞു. ജോളി സ്ഥിരമായി വിളിച്ചിരുന്നുവെന്നും കുടുംബകാര്യങ്ങള്‍ മാത്രമാണു സംസാരിച്ചിരുന്നതെന്നും സഹോദര ബന്ധം മാത്രമേയുള്ളൂ എന്നും ജോണി വ്യക്തമാക്കി.
കൊലപാതക കേസില്‍ ആരോപണ വിധേയയായ ജോളി ഏറ്റവും കൂടുതല്‍ ഫോണില്‍ ബന്ധപ്പെട്ടത് സഹോദരി സിസിലിയുടെ ഭര്‍ത്താവ് ജോണിയുമായാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. നുണ പരിശോധനയ്ക്ക് ഉപദേശം തേടാന്‍ അച്ഛനോട് സംസാരിക്കണം എന്ന് ക്രൈംബ്രാഞ്ചിനോടു പറഞ്ഞ ജോളി, ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞത് ജോണിയോടാണ്. ജോളി തന്നെ വിളിച്ചിരുന്നതായും അന്വേഷണത്തോട് സഹകരിക്കാനാണ് നിര്‍ദേശം നല്‍കിയതെന്നും ജോണി കൂട്ടിച്ചേര്‍ത്തു. അതേസമയം കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമ വാര്‍ത്തകളിലൂടെയാണ് അറിയുന്നതെന്നും ജോണി പറയുന്നു.
അതേസമയം പൊന്നാമറ്റം തറവാട്ടിലെ 2 യുവാക്കളുടെ മരണത്തിനു പിന്നില്‍ കൂടി ജോളിയാണെന്ന സംശയം് ഉയര്‍ന്നിരിക്കുകയാണ്. അപകടത്തില്‍ മരിച്ച സുനീഷിന്റെ മാതാവ് എല്‍സമ്മയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സയനൈഡ് കൈമാറ്റം സുനീഷ് അറിഞ്ഞതാകാം അപായപ്പെടുത്താന്‍ കാരണമെന്നാണ് എല്‍സമ്മ പറയുന്നത്. മരിച്ച ടോം തോമസിന്റെ സഹോദര പുത്രന്മാരായ സുനീഷ്, ഉണ്ണി എന്ന വിന്‍സെന്റ് എന്നിവരുടെ മരണത്തിനു പിന്നില്‍ ജോളിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ജോളിയുടെ കൂട്ടുപ്രതി മാത്യുവിനെ വിന്‍സന്റിനും സുനീഷിനുമറിയാം. സയനൈഡ് കൈമാറ്റം ഇവര്‍ അറിഞ്ഞിരിക്കാം. അപായപ്പെടുത്താന്‍ സാധ്യത തെളിഞ്ഞത് അങ്ങനെയാകുമെന്നും പൊലീസ് വിശദമായി അന്വേഷിക്കണമെന്നും എല്‍സമ്മ ആവശ്യപ്പെട്ടു.