കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകളില്‍ നഷ്ടപരിഹാരം നല്കാന് യോഗ്യത ഉള്ളവരുടെ പട്ടിക മരട് നഗരസഭ സര്‍ക്കാരിന് കൈമാറി. നാല് ഫ്ലാറ്റ് സുച്ചയങ്ങളില്‍ താമസിക്കുന്നവരില്‍ 135 ഫ്ലാറ്റ് ഉടമകളാണ് നഗരസഭയുടെ ഉടമസ്ഥാവകാശ രേഖ കൈപ്പറ്റിയിട്ടുള്ളത്. 106 ഫ്ലാറ്റ് ഉടമകള്‍ വില്പന കരാര്‍ ഹാജരാക്കിയിട്ടുണ്ട്. ആകെ 241 പേര് നഷ്ടപരിഹാര തുക നല്കാന് അര്‍ഹരാണെന്ന് നഗരസഭ വ്യക്തമാക്കി.
അതേസമയം, 54 ഫ്ലാറ്റുകള്‍ നിര്‍മ്മാതാക്കളുടെ പേരില്‍ തന്നെയാണുള്ളത്. ഇവര്‍ക്ക് നഷ്ടപരിഹാര തുക ലഭിക്കാനുള്ള അര്‍ഹതയുണ്ടാകില്ലെന്നാണ് സൂചന. കാരണം ഫ്ലാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാര തുക ഈടാക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. മരട് ഫ്ലാറ്റ് കേസുമായി ബന്ധപ്പെട്ട് ഫ്ലാറ്റ് നിര്‍മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനും ഫ്ലാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇത് നാലാഴ്ചയ്ക്കുള്ളില്‍ കൊടുത്തു തീര്‍ക്കണമെന്നുമായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. ഇത് പ്രകാരം നിര്‍മ്മാതാക്കളുടെ പേരിലുള്ള ഫ്ലാറ്റുകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്നാണ് വിവരം.
നഷ്ടപരിഹാരം നല്കാന് യോഗ്യത ഉള്ളവരുടെ പട്ടിക സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന് നായര്‍ അധ്യക്ഷനായ കമ്മിറ്റി പരിശോധിക്കും. ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നതിന് മുന്നോടിയായണ് നഗരസഭ പട്ടിക സമര്‍പ്പിച്ചത്.
വ്യാഴാഴ്ചയാണ് മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണന് നായര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയ്ക്ക് സര്‍ക്കാര്‍ രൂപംനല്കിയത്. മുന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക്, തിരുവനന്തപുരം കെഎസ്ആര്‍എയിലെ എന്‍ജിനിയര്‍ ആര് മുരുകേശന് എന്നിവരാണ് സമിതിലെ മറ്റംഗങ്ങള്‍.
സുപ്രീംകോടതി വിധി പ്രകാരം മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കുകയാണ്. ഇതിന് മുന്നോടിയായി ഫ്ലാറ്റുകളിലെ വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുകയും തുടര്‍ന്ന് താമസക്കാരെ മുഴുവനായും ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഫ്ലാറ്റ് വിട്ട് പോകില്ലെന്ന് കാണിച്ച് ഫ്ലാറ്റുടമകളുടെ നേതൃത്വത്തില്‍ നിരാഹാരമുള്‍പ്പടെ വ്യാപക പ്രതിഷേധമാണ് നടന്നത്.
ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞവര്‍ക്ക് തല്ക്കാലികമായി താമസിക്കുന്നതിനുള്ള സൗകര്യം ജില്ലാഭരണകൂടം ഒരുക്കിയിരുന്നു. ഒക്ടോബര്‍ 11 മുതല്‍ ഫ്ലാറ്റുകള്‍ പൊളിച്ചു തുടങ്ങും. മൂന്ന് മാസം കൊണ്ട് പരിസ്ഥിതിക്ക് പരമാവധി കോട്ടം തട്ടാത്ത രീതിയില്‍ കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിക്കുമെന്നും 2020 ഫെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.