കൊച്ചി : രാജ്യത്ത് ആദ്യമായി കൊച്ചിയില്‍ വിമാനം ജപ്‌തി ചെയ്തു.മലയാളികളായ രണ്ടു പൈലറ്റുമാര്‍ ചേര്‍ന്ന് വാങ്ങിയ സീ പ്ലെയിന്‍ ആണ് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് ജപ്തി ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ സീപ്ലെയിന്‍ പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍, 2014 ല്‍ അമേരിക്കയില്‍ നിന്നും മലയാളി പൈലറ്റുമാരായ സൂരജ്‌ ജോസ്, സുധീഷ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് സീ പ്ലെയിന്‍ വാങ്ങിയത്. 13 കോടി രൂപ വിലയുള്ള വിമാനം വാങ്ങാനായി നാലു കോടി രൂപ ഫെഡറല്‍ ബാങ്കില്‍ നിന്ന് വായ്പയും എടുത്തു. ശേഷം വിവിധ രാജ്യങ്ങളിലൂടെ പറപ്പിച്ച്‌ ഇരുവരും വിമാനം ഇന്ത്യയിലെത്തിച്ചു. ലക്ഷദ്വീപ് കേരള റൂട്ടില്‍ സര്‍വീസ് നടത്തുവാനാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സര്‍വീസിന് അനുമതി ലഭിക്കാതെ വന്നത് കനത്ത തിരിച്ചടിയാവുകയും. ലോണ്‍ തിരിച്ചടവ് മുടങ്ങുകയും ചെയ്തതോടെയാണ് ബാങ്ക് ജപ്തി നടപടികള്‍ തുടങ്ങിയത്.

2016 ല്‍ പ്രാബല്യത്തില്‍ വന്ന ഇന്‍സോള്‍വന്‍സി ആന്റ്‌ ബാങ്ക്‌ റപ്റ്റന്‍സി കോഡിന്റെ അടിസ്ഥാനത്തിലാണ് ജപ്തി. ദേശീയ കമ്ബനി ലോ ട്രിബ്യൂണല്‍ നിയോഗിച്ച ഉദ്യോഗസ്ഥനും ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥരും ചേര്‍ന്നു നെടുമ്ബാശേരി വിമാനത്താവളത്തിലെത്തി വിമാനം ജപ്‌തി ചെയ്യുകയായിരുന്നു. പലിശ അടക്കം ആറ് കോടി രൂപ ബാങ്കിന് ലഭിക്കണം. വിമാനം ലേലത്തിന് വയ്ക്കാനും, ആരും ലേലത്തിന് എടുത്തില്ലെങ്കില്‍ വിമാനം നിര്‍മ്മിച്ച കമ്ബനിക്ക്‌ തന്നെ വില്‍ക്കാനാണു ബാങ്കിന്റെ തീരുമാനം. ഇനി ഒരു മാസത്തിനുള്ളില്‍ വിമാനത്തിന്റെ ഇപ്പോഴത്തെ വില കണക്കാക്കും.