ഇന്ത്യാക്കാരായ ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന എസ്-386 ബില്‍ (ഫെയര്‍നെസ് ഫോര്‍ ഹൈ സ്‌കില്‍ഡ് ഇമ്മിഗ്രന്റ്‌സ് ആക്ട് ഓഫ് 2019) തടഞ്ഞു വച്ച ഡമോക്രാറ്റിക് സെനറ്റര്‍ റിച്ചാര്‍ഡ് ഡര്‍ബിന്റെ നടപടിക്കെതിരെ വ്യാഴാഴ്ച അദ്ദേഹത്തിന്റെ ഓഫീസിലേക്കു പ്രതിഷേധ മാര്‍ച്ച്. ഇന്ത്യന്‍ സംഘടനകളുടെ സഹായത്തോടെ ഇല്ലിനോയി ഇമ്മിഗ്രേഷന്‍ ഫോറം ആണു ‘വാക്ക് ഫോര്‍ ഇക്വാലിറ്റി’ എന്നു പേരിട്ടിരിക്കുന്ന മാര്‍ച്ച് നടത്തുന്നത്.

ഒക്ടോ. 10 വ്യാഴാഴ്ച നാലു മണിക്ക് ഡൗണ്‍ ടൗണില്‍ സിറ്റിഹാളിനു സമീപത്തു നിന്നു മാര്‍ച്ച് ആരംഭിക്കും. (121 നോര്‍ത്ത് ലസാലെ സ്റ്റ്രീറ്റ്, ചിക്കാഗോ, ഇല്ലിനോയി-606602) സെനറ്റര്‍ ഡര്‍ബിന്റെ ഓഫീസിനു സമീപം മാര്‍ച്ച് അവസനിക്കും. (ക്ലൂസിന്‍സ്‌കി ഫെഡറല്‍ ബില്‍ഡിംഗ്, 230 സൗത്ത് ഡിയര്‍ബോണ്‍ , ചിക്കാഗോ-606604) വിവരങ്ങള്‍ക്ക് 312-725-6816;
immi.gcbacklog@gmail.com
ഹൗസില്‍ ഈ ബില്‍ (എച്ച്.ആര്‍.1044) മഹാഭൂരിപക്ഷത്തോടെ പാസായിരുന്നു. അതിന്റെ കൂടെ ചില നിര്‍ദേശങ്ങള്‍ കൂടി ചേര്‍ത്തതാണു എസ്-386. അതില്‍ പ്രധാനം7200 നഴ്‌സുമാരെ വിദേശത്തു നിന്നു കൊണ്ടു വരാന്‍ ഗ്രീന്‍ കാര്‍ഡ് നല്കണമെന്നതാണ്.

ഈ ബില്‍ പാസായാല്‍ തൊഴില്‍ അടിസ്ഥാനത്തിലുള്ള ഗ്രീന്‍ കാര്‍ഡ് അപേക്ഷക്കു ഓരോ രാജ്യത്തിനുമുള്ള ക്വാട്ട ഇല്ലാതാകും. ഒരു വര്‍ഷം ആകെ 140,000 ഗ്രീന്‍ കാര്‍ഡാണു കോടുക്കുന്നത്. അതില്‍ 7 ശതമാനം (ഏകദേശം 9600) മാത്രമെ ഒരു രാജ്യ്ത്തു നിന്നുള്ളവര്‍ക്ക് കൊടുക്കാനാവൂ. ജനസംഖ്യ കൂടുതലുള്ള രാജ്യത്തിനും കുറഞ്ഞ രാജ്യത്തിനും ഒരെ ക്വാട്ടയാണ്.

ഇത് മൂലം ഏറ്റവും കഷ്ടപ്പെടുന്നത് ഇന്ത്യന്‍ ടെക്കികളാണ്. ഏകദേശം 5 ലക്ഷത്തോളം ഇന്ത്യന്‍ ടെക്കികള്‍ (മിക്കവരും എച്ച്-1 വിസയില്‍ വന്നവര്‍) ഗ്രീന്‍ കാര്‍ഡിനു കാത്തിരിക്കുന്നു എന്നാണു കണക്ക്. ഈ ക്വാട്ട വച്ച് അവര്‍ക്ക് എല്ലാം ഗ്രീന്‍ കാര്‍ഡ് കിട്ടി വരുമ്പോഴേക്കും 151 വര്‍ഷം കഴിഞ്ഞിരിക്കും.

ഇതവസാനിപ്പിക്കാന്‍ കണ്ട്രി ക്വാട്ട നിര്‍ത്തലാക്കുന്നതാണു ഹൗസ് ബില്‍. സെനറ്റിലെ 53 റിപ്പ്ബ്ലിക്കന്‍ സെനറ്റരമാരും ബില്ലിനെ അംഗീകരിക്കുന്നു. വോട്ടിനിട്ടാല്‍ ബില്‍ നിഷ്പ്രയാസം പാസാകും. എന്നാല്‍ സെനറ്റര്‍ ഡര്‍ബിന്‍ ബില്‍ തടഞ്ഞു വച്ചിരിക്കുകയാണ്. ചെറുപ്പകാലത്ത് ഇല്ലീഗല്‍ ആയി വന്നവര്‍ക്ക് നിയമ സാധുത നല്‍കുന്ന ഡി.എ.സി.എ (ഡാക) ബില്ലിനും കൂടി അംഗീകാരം നല്കിയാലെ ഇത് പസാക്കാന്‍ അനുവദിക്കൂ എന്നാണു അദ്ധേഹത്തിന്റെ നിലപാട്.

അതു നടക്കാന്‍ പോകുന്ന കാര്യമല്ല. റിപ്പബ്ലിക്കന്‍സും പ്രസിഡന്റ് ട്രമ്പുമൊന്നും അതിനു സമ്മതിക്കില്ല. എന്നാല്‍ ക്വാട്ട നിര്‍ത്തുന്ന ബില്ലിനെ അനുകൂലിക്കുകയും ചെയ്യും. അതിനാല്‍ ഡര്‍ബിന്‍ നിലപാട് മാറ്റണമെന്നാണു മാര്‍ച്ച് ആവശ്യപ്പെടുന്നത്. ഈ ബില്ല് പാസായാല്‍ അത് ഇന്ത്യക്കാര്‍ക്കാണു ഗുണകരമെന്നു സെനറ്റര്‍ക്കറിയാം. അതു തടയുകയാണു ലക്ഷ്യമെന്നു ഇമ്മിഗ്രേഷന്‍ ഫോറം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകര്‍ കുറഞ്ഞ യോഗ്യതകളുള്ളവരാണെന്നും സെനറ്റര്‍ നിലപാട് എടുത്തിരുന്നു. ഗ്രീന്‍ കാര്‍ഡ് എണ്ണം കൂട്ടണമെന്നാണു തന്റെ നിലപാടെന്നു സെനറ്റര്‍ പറയുന്നുമുണ്ട്.

ബില്‍ പാസായാല്‍ അടുത്ത മൂന്നു വര്‍ഷം കൊണ്ട് പഴയ അപേക്ഷകര്‍ക്കെല്ലാം ഗ്രീന്‍ കര്‍ഡ് കിട്ടും. മൂന്നു വര്‍ഷത്തേക്ക് ആകെയുള്ളതില്‍ 15 ശതമാനം ഇന്ത്യ-ചൈന എന്നിവീടങ്ങളില്‍ നിന്നല്ലാത്ത അപേക്ഷകര്‍ക്കായി മാറ്റി വച്ചിട്ടുണ്ട്. ബാക്കിയുള്ളതിന്റെ 85 ശതമാനം ഇന്ത്യക്കും അവശേഷിക്കുന്നത് ചൈനക്കും കിട്ടും. മൂന്നു വര്‍ഷത്തേക്ക് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് അസൗകര്യം ഉണ്ടായാലും പിന്നീടത് ഇല്ലാതാകും.