മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള ജോലിക്കായി നഗരസഭ ആറംഗസംഘത്തെ ചുമതലപ്പെടുത്തി. ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള ജോലികള്‍ക്ക് മാത്രമായാണ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ചേര്‍ന്ന നഗരസഭയുടെ അടിയന്തര കൗണ്‍സിലിലാണ് തീരുമാനമെടുത്തത്. നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാനാണ് അടിയന്തരമായി സംഘത്തെ ചുമതലപ്പെടുത്തിയത്.

കെട്ടിടങ്ങള്‍ പൊളിക്കുന്നതിന്റെ ഭാഗമായി നഷ്ടപരിഹാരം ലഭിക്കേണ്ട ഫ്ളാറ്റ് ഉടമകളുടെ പട്ടിക നഗരസഭ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. നഗരസഭ സമര്‍പ്പിക്കുന്ന പട്ടിക സര്‍ക്കാര്‍ നഷ്ടപരിഹാരം നിശ്ചയിക്കാനായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരുടെ കമ്മിറ്റിക്ക് കൈമാറും. രേഖകള്‍ സമര്‍പ്പിച്ച 130 ഓളം പേര്‍ക്ക് മാത്രമെ തുക ലഭിക്കുകയുള്ളുവെന്നാണ് സൂചന.

ഫ്ലാറ്റ് പൊളിക്കലിന് വിദഗ്ദോപദേശം നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധന്‍ എസ് ബി സര്‍വാതെ നാളെ കൊച്ചിയിലെത്തും. മറ്റന്നാള്‍ തന്നെ ഫ്ലാറ്റ് പൊളിക്കലിന്റെ ചുമതലയുള്ള ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സര്‍വാതെയും മരടിലെ ഫ്ലാറ്റുകളില്‍ എത്തി പരിശോധന നടത്തും. നിയന്ത്രിത സ്ഫോടനത്തിലൂടെയാകും മരടിലെയും ഫ്ലാറ്റുകള്‍ പൊളിക്കുക.