ലോക ബാഡ്മിന്‍റണ്‍ ചാമ്ബ്യന്‍ പി.വി.സിന്ധുവിന് കേരളത്തിന്‍റെ ആദരം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിന്ധുവിനെ ആദരിച്ചു. സിന്ധു നേടിയ ലോക കിരീടം കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണെന്നും സംസ്ഥാനത്തെ കായികതാരങ്ങള്‍ക്ക് സിന്ധു മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുറന്ന ജീപ്പില്‍ അശ്വാരൂഢസേനയുടെ അകമ്ബടിയോടെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം മുതല്‍ ജിമ്മി ജോര്‍ജ് സ്‌റ്റേഡിയം വരെയുള്ള റോഡ് ഷോയോട് കൂടിയായിരുന്നു സ്വീകരണ പരിപാടികളുടെ തുടക്കം.

പ്രൌഡഗംഭീരമായ സദസ്സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിന്ധുവിന് ഉപഹാരം നല്‍കി ആദരിച്ചു. വിമര്‍ശനങ്ങളെ ഇന്ധനമാക്കി മുന്നേറിയ പി വി സിന്ധു കളിക്കളത്തില്‍ പോരാളിയാണെന്ന് തെളിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ക‍ഴിഞ്ഞ തവണ ഒളിമ്ബിക്സില്‍ നേടിയ വെള്ളി മെഡലിന് അടുത്ത തവണ സ്വര്‍മതിളക്കമുണ്ടാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു. കേരളം എന്നും ഒപ്പമുണ്ടായിരുന്നെന്നും. എല്ലാ ശ്രദ്ധയും ടോക്കിയോ ഒളിപിക്സിന് വേണ്ടിയെന്നും സിന്ധു പറഞ്ഞു.

ക‍ഴിഞ്ഞദിവസം രാത്രിയോടെയാണ് സംസ്ഥാനത്തിന്‍റെ ആദരം സ്വീകരിക്കാന്‍ സിന്ധു തിരുവനന്തപുരത്തെത്തിയത്. പദ്മനാഭ സ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ക്ഷേത്രത്തിലും സിന്ധു ദര്‍ശനം നടത്തി. കേരളീയ വേഷത്തിലായിരുന്നു ക്ഷേത്ര ദര്‍ശനം. കേരള ഒളിമ്ബിക് അസോസിയേഷന്‍ ആസ്ഥാന മന്ദിരവും സിന്ധു സന്ദര്‍ശിച്ചു.