മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനമിടിച്ച്‌ കൊല്ലപ്പെട്ട സംഭവത്തില്‍ തിനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച്‌ ശ്രീറാം വെങ്കിട്ടരാമന്‍. സംഭവം നടക്കുമ്ബോള്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്ന് ശ്രീറാം ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്‍കി. അപകടം നടക്കുമ്ബോള്‍ വാഹനം ഓടിച്ചതു താനല്ലെന്നും ഏഴ് പേജുള്ള വിശദീകരണക്കുറില്‍ ശ്രീറാം പറയുന്നു. തന്റെ വാദം കേള്‍ക്കണമെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം ശ്രീറാമിന്റെ സസ്പെന്‍ഷന്‍ സര്‍‌ക്കാര്‍ ആറുമാസത്തേക്ക് കൂടി നീട്ടി.

മദ്യപിക്കാത്തയാളാണ് താനെന്നും സംഭവം നടക്കുമ്ബോള്‍ മദ്യപിച്ചിട്ടില്ലെന്നും വിശദീകരണകുറിപ്പില്‍ ശ്രീറാം പറയുന്നു. കൂടെയുണ്ടായിരുന്ന വഫ സുഹൃത്താണ്. അവരാണ് വാഹനം ഓടിച്ചിരുന്നത്. മനഃപൂര്‍വമല്ലാത്ത അപകടമാണ് സംഭവിച്ചത്. അപകടം ഉണ്ടായപ്പോള്‍ ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. താന്‍ മദ്യപിച്ചതായുള്ള ദൃക്‌സാക്ഷി മൊഴികള്‍ ശരിയല്ലെന്നും രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും വിശദീകരണക്കുറിപ്പിലുണ്ട്.

ഓഗസ്റ്റ് 3 രാത്രി 12.55നാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച്‌ കെ.എം.ബഷീര്‍ കൊല്ലപ്പെടുന്നത്. സംഭവം നടക്കുമ്ബോള്‍ ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. മ്യൂസിയത്തിനു സമീപം പബ്ലിക്ക് ഓഫിസിനു മുന്നിലായിരുന്നു അപകടം. അമിത വേഗതയിലെത്തിയ കാര്‍ ബഷീര്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ ബഷീറിനെ ആശുപത്രിയിലെത്തിക്കുന്നതിനു മുന്‍പ് മരണം സംഭവിച്ചു.