പാലാരിവട്ടം പാലം അ‍ഴിമതിക്കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസില്‍ പ്രതികളുടെ പങ്ക് വ്യക്തമാണെന്നും ജാമ്യം നല്‍കരുതെന്നും വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ നിര്‍ദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ടി ഒ സൂരജിന്‍റെ വാദം.

പാലാരിവട്ടം പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ അട്ടിമറിച്ചതുള്‍പ്പടെ പ്രതികളുടെ പങ്ക് രേഖാമൂലം വ്യക്തമാക്കുന്ന വാദമുഖങ്ങളാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്നത്. കേസിലെ ഒന്നാം പ്രതി സുമിത് ഗോയലിന്‍റെ ആര്‍ ഡി എസ് കമ്ബനിക്ക് കരാര്‍ നല്‍കാന്‍ വേണ്ടിയാണ് ടി ഒ സൂരജിന്‍റെ നേതൃത്വത്തില്‍ ടെന്‍ഡര്‍ അട്ടിമറിച്ചതെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.കൂടാതെ പാലം നിര്‍മ്മാണ സമയത്ത് ടി ഒ സൂരജ് കോടികളുടെ സ്വത്ത് വാങ്ങിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും വിജിലന്‍സ് ചൂണ്ടിക്കാട്ടിയിരുന്നു. ഇടപ്പള്ളിയില്‍ മകന്‍റെ പേരില്‍ മൂന്നേകാല്‍ കോടി രൂപയുടെ സ്വത്ത് വാങ്ങിയെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

ഇടപാടുമായി ബന്ധപ്പെട്ട് ടി ഒ സൂരജ് രണ്ട്കോടിരൂപ കള്ളപ്പണമായി നല്‍കിയെന്നും ഇക്കാര്യം ചോദ്യം ചെയ്യലിനിടെ സൂരജ്തന്നെ സമ്മതിച്ചതായും വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുള്ളതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വകുപ്പ് സെക്രട്ടറി എന്ന നിലയില്‍ മന്ത്രിയുടെ നിര്‍ദേശം അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു ടി ഒ സൂരജിന്‍റെ വാദം. അതേ സമയം മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ പങ്ക് സംശയാസ്പദമാണെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും വിജിലന്‍സ് അറിയിച്ചിരുന്നു. ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഇന്ന് വിധി പറയുന്നത്.