തിരുവനന്തപുരം: കെ മുരളീധരന് പിന്നാലെ ശശി തരൂരിനോട് കോര്‍ത്ത് പത്മജ വേണുഗോപാലും. വട്ടിയൂര്‍ക്കാവില്‍ സിപിഎം-ബിജെപി വോട്ട് കച്ചവടമില്ലെന്ന് തരൂര്‍ പറഞ്ഞതിന് മറുപടിയുമായാണ് പത്മജ വേണുഗോപാല്‍ രംഗത്ത് എത്തിയിരിക്കുന്നത്. തരൂരിന് രാഷ്ട്രീയ പരിചയം കുറവാണ് എന്നാണ് പത്മജയുടെ മറുപടി. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിട്ട് അധിക കാലം ആകാത്തത് കൊണ്ടാണ് വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ വോട്ട് കച്ചവടം ഇല്ലെന്ന് തരൂര്‍ പറയുന്നതെന്ന് പത്മജ വ്യക്തമാക്കി.

വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിനെ പരിഹസിച്ച പത്മജ, പ്രളയത്തില്‍പ്പെട്ടവരെ താനും സഹായിച്ചിരുന്നു എന്നാല്‍ ഫോട്ടോ എടുത്ത് വെക്കാന്‍ മറന്ന് പോയെന്നും പറഞ്ഞു. ഓരോ നിമിഷവും ഈശ്വരനെ വിളിച്ചാണ് പിണറായി ഭരിക്കുന്ന നാട്ടില്‍ ജനം ജീവിക്കുന്നത്. ജി സുധാകരന്‍ അരൂര്‍ സ്ഥാനാര്‍ത്ഥിയായ ഷാനിമോള്‍ക്കെതിരെ നടത്തിയ പൂതന പരാമര്‍ശം അവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

കെ മുരളീധരന്റെ മണ്ഡലമായിരുന്ന വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാറിനെ ആണ് ഇത്തവണ മത്സരിപ്പിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തിയെ തുടര്‍ന്ന് മുരളീധരന്‍ മണ്ഡലത്തില്‍ സജീവമല്ല. എന്നാല്‍ പത്മജ വേണുഗോപാലും ശശി തരൂരും അടക്കമുളള നേതാക്കള്‍ സജീവമായി പ്രചാരണ രംഗത്തുണ്ട്. മുതിര്‍ന്ന നേതാക്കള്‍ പ്രചാരണത്തിന് എത്തുന്നില്ല എന്നുളള സ്ഥാനാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്നാണ് തരൂര്‍ അടക്കമുളളവര്‍ വട്ടിയൂര്‍ക്കാവിലേക്ക് എത്തിയത്.

ശശി തരൂര്‍ വട്ടിയൂര്‍ക്കാവിലേക്ക് പ്രചാരണത്തിന് വരേണ്ടതില്ലെന്ന് നേരത്തെ കെ മുരളീധരന്‍ തുറന്നടിച്ചിരുന്നു. മോദി ചെയ്യുന്ന നല്ല കാര്യങ്ങള്‍ അംഗീകരിക്കണം എന്നതടക്കമുളള പ്രസ്താവനകളെ തുടര്‍ന്നാണ് മുരളീധരന്‍ തരൂരിന് എതിരെ രംഗത്ത് വന്നത്. മോദിയെ സ്തുതിക്കുന്നവര്‍ പോയി ബിജെപിയില്‍ ചേരാനും മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുരളി കോണ്‍ഗ്രസിലേക്ക് മടങ്ങി വന്നിട്ട് 8 വര്‍ഷമേ ആയിട്ടുളളൂ എന്നാണ് തരൂര്‍ മറുപടി നല്‍കിയത്. ഇതോടെ കരുണാകരന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്ബര്യത്തിന് മാര്‍ക്കിടാന്‍ മാത്രം തരൂര്‍ വളര്‍ന്നിട്ടില്ലെന്ന് മുരളീധരന്‍ തിരിച്ചടിച്ചു. ഇരുനേതാക്കളുടേയും ശീതയുദ്ധം തുടരുന്നതിനിടെയാണ് പത്മജയും തരൂരിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്.