കൊച്ചി: തീര പരിപാലന നിയമം ലംഘിച്ച്‌ മരടില്‍ നിര്‍മിച്ച ഫ്ലാറ്റുകള്‍ പൊളിക്കാന്‍ വിദഗ്ദ്ധന്‍ എത്തുന്നു. ഇരുനൂറോളം കെട്ടിടങ്ങള്‍ തകര്‍ത്ത് ഗിന്നസ് റെക്കോഡ് നേടിയ എസ്.ബി. സര്‍വാതെയാണ് സര്‍ക്കാരിനെ സഹായിക്കാന്‍ എത്തുന്നത്. ഇന്ദോര്‍ സ്വദേശിയാണ്.

വലിയ കെട്ടിടങ്ങള്‍ പൊളിക്കുന്നതില്‍ നേരിട്ട്‌ പരിചയമുള്ള ഒരു വിദഗ്ദ്ധന്‍ ഒപ്പം വേണമെന്ന്, പൊളിക്കല്‍ ചുമതലയുള്ള ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് പറഞ്ഞു. പൊളിക്കല്‍ ഏജന്‍സിയെ തീരുമാനിക്കുന്നതിനും ഫ്ലാറ്റ് തകര്‍ക്കലിനും (ഇംപ്ലോഷന്‍) സര്‍വാതെ സഹായിക്കും. 10-നോ 11-നോ അദ്ദേഹം കൊച്ചിയിലെത്തും.

പൊളിക്കലിന് സര്‍ക്കാര്‍ ഒരു സാങ്കേതിക സമിതിയെ നേരത്തെ നിയോഗിച്ചിരുന്നു. ഇത്ര വലിയ െറസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ ഒരുമിച്ച്‌ പൊളിക്കുന്നത് ഇന്ത്യയിലാദ്യമായതിനാല്‍ ഇതു സംബന്ധിച്ച്‌ അവ്യക്തതകള്‍ നിലനിന്നിരുന്നു. ഇത് പരിഹരിക്കാനുള്ള അന്വേഷണമാണ് സര്‍വാതെയിലെത്തിച്ചത്. മധ്യപ്രദേശിലുള്ള സുഹൃത്തുക്കള്‍ വഴി അദ്ദേഹത്തെ ബന്ധപ്പെട്ടതായും സേവനം ഉറപ്പാക്കിയതായും സബ് കളക്ടര്‍ പറഞ്ഞു.

പൊളിക്കാന്‍ ചെലവ് രണ്ടുകോടിയില്‍ താഴെ

മരടിലെ നാല് ഫ്ലാറ്റുകളിലെ അഞ്ച് ടവറുകള്‍ പൊളിക്കുന്നതിന് രണ്ടുകോടിയില്‍ താഴെയേ ചെലവ് വരൂ. ഉള്‍വശം നേരത്തെ പൊളിച്ചെടുക്കുന്നതിനാല്‍ കെട്ടിടത്തിന്റെ അസ്ഥികൂടം മാത്രമേ അവസാനം തകര്‍ക്കാനുണ്ടാകൂ. താഴെ നിന്ന് നാലുനില വരെയുള്ള തൂണുകളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച്‌ പൊട്ടിക്കുന്ന ചെലവേ ബാക്കിയുണ്ടാകൂവെന്ന് സബ് കളക്ടര്‍ പറഞ്ഞു. ഇങ്ങോട്ട്‌ പണം നല്‍കി പൊളിച്ചോളാമെന്ന് ഒരു കമ്ബനി വാഗ്ദാനം ചെയ്തത് മാലിന്യങ്ങള്‍ പല രീതിയില്‍ ഉപയോഗിക്കാമെന്നതിനാലാണ്. എന്നാല്‍, പൊളിച്ച്‌ പരിചയമില്ലാത്ത ഇവരെ പരിഗണിച്ചില്ല.

മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പ്രത്യേക ടെന്‍ഡര്‍ വിളിക്കും. ക്വാറികള്‍ നിരപ്പാക്കാനും മറ്റും ഈ കോണ്‍ക്രീറ്റ് മാലിന്യം ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവ അന്തരീക്ഷ മലിനീകരണമില്ലാതെ നീക്കം ചെയ്യേണ്ടത് കരാര്‍ എടുത്തവരാകും.

എസ്.ബി. സര്‍വാതെ

ഉത്തം ബ്ലാസ്‌ടെക്, വിജയ സ്റ്റോണ്‍സ് (രണ്ടും ഹൈദരാബാദ്) എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡംഗം. മൈനിങ് എന്‍ജിനീയറാണ്. ഇരുനൂറോളം കെട്ടിടങ്ങള്‍ പൊളിച്ചതിന് ഗിന്നസ് റെക്കോഡ്. ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് (ഇന്ത്യ) ഇന്ദോര്‍ ചാപ്റ്റര്‍ സെക്രട്ടറി.