കോഴിക്കോട്: പൊന്നാമറ്റത്തെ ഗൃഹനാഥന്‍ ടോം തോമസിന്‍റെ സ്വത്ത് മുഴുവന്‍ സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയ ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിനെക്കുറിച്ച്‌ കൂടത്തായി വില്ലേജ് ഓഫീസില്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് കാണാനില്ല. ഇത് മുക്കിയതില്‍ അന്ന് ഡെപ്യൂട്ടി തഹസില്‍ദാരായിരുന്ന ജയശ്രീയ്ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്. വസ്തുവിന്‍റെ നികുതിയടച്ച്‌ രശീതി നല്‍കിയതടക്കം പല തട്ടിപ്പുകള്‍ക്കും കൂട്ടു നിന്നത് ജയശ്രീയാണ് എന്നാണ് ജോളി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ഇത് സംബന്ധിച്ച്‌ ജയശ്രീയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബാലുശ്ശേരിയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.പൊലീസ് റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച്‌ ജയശ്രീയ്ക്ക് എതിരെ നടപടിയെടുക്കണോ എന്ന കാര്യം തീരുമാനിക്കും.തഹസില്‍ദാരുടെ വീട്ടില്‍ തനിക്ക് ജോലി ശരിയാക്കി നല്‍കിയത് ജോളിയെന്ന് വീട്ടുജോലിക്കാരിയായ ലക്ഷ്മി പറഞ്ഞു.

ജോളിക്കായി വ്യാജ വില്‍പത്രം തയ്യാറാക്കാന്‍ ജോളിയെ സഹായിച്ച പേരില്‍ അന്വേഷണം നേരിടുന്ന തഹസില്‍ദാര്‍ ജയശ്രീയുടെ വീട്ടില്‍ കഴിഞ്ഞ അ‍ഞ്ച് വര്‍ഷമായി ജോലി ചെയ്യുകയാണ് ലക്ഷ്മി. അതിന് മുമ്ബ് ജോളിയുടെ വീട്ടിലും ജോലിക്ക് പോയിരുന്നു. തനിക്ക് തഹസില്‍ദാരുടെ വീട്ടില്‍ ജോലി ശരിയാക്കാന്‍ സഹായിച്ചത് ജോളിയെന്ന് ലക്ഷ്മി പറയുന്നു.