കൂടത്തായി കൊലപാതക പരമ്ബരയിലെ 6 മരണങ്ങളും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കാന്‍ തീരുമാനം. നിലവില്‍ 11 പേരാണ് കൂടത്തായി അന്വേഷണ സംഘത്തിലുള്ളത്. 11 അംഗങ്ങളുള്ള ടീം ആറ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കണ്ടെത്തലുകളാണ് കേസില്‍ നിര്‍ണായകമായ വഴിത്തിരിവുകളുണ്ടാക്കിയത്. കേസിനെക്കുറിച്ച് രഹസ്യമായി പഠിച്ച് കേസില്‍ നിര്‍ണായകമായ റിപ്പോര്‍ട്ട് തയ്യാറാക്കിയ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ആയ ജീവന്‍ ജോര്‍ജും ഈ അന്വേഷണസംഘത്തിലുണ്ട്.
കൊലപാതക പരമ്ബരയിലെ 6 കേസുകളും അന്വേഷിക്കാന്‍ ജില്ലയിലെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരെ ഒന്നിച്ച് ചേര്‍ത്ത്, അന്വേഷണസംഘം വിപുലീകരിക്കാനും തീരുമാനമായിട്ടുണ്ട്. പുതിയ സംഘങ്ങള്‍ രൂപീകരിക്കുന്നതോടെ, ഓരോ സംഘത്തിനും ഓരോ തലവനുണ്ടാകും. ആരൊക്കെയാകണം ഓരോ ടീമിലുമുണ്ടാകേണ്ടത് എന്ന് തീരുമാനിക്കുന്നതും, ഇതിന്റെ ഏകോപനച്ചുമതലയും റൂറല്‍ എസ്പി കെ ജി സൈമണായിരിക്കും. അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് നേരത്തേ ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു. സൈബര്‍ ക്രൈം, ഫൊറന്‍സിക് പരിശോധന, എഫ്‌ഐആര്‍ തയ്യാറാക്കുന്നതില്‍ വിദഗ്ധര്‍, അന്വേഷണ വിദഗ്ധര്‍ എന്നിങ്ങനെ ഓരോ മേഖലയിലും പ്രാവീണ്യം തെളിയിച്ചവരെയാണ് സംഘങ്ങളില്‍ ഉള്‍പ്പെടുത്തുക. 6 കേസുകളിലും പ്രത്യേകം എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യും. എല്ലാ കേസിലും ജോളിയായിരിക്കും മുഖ്യപ്രതി.
പരമാവധി രേഖകള്‍ പരിശോധിച്ച് തയ്യാറാക്കി, പരമാവധി സാക്ഷികളെ കണ്ട് മൊഴി രേഖപ്പെടുത്തി, വിശദമായ ഫൊറന്‍സിക്, രാസപരിശോധനാ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനാണ് അന്വേഷണസംഘത്തെ ഇത്രയും വിപുലീകരിച്ചിരിക്കുന്നത്. കേസന്വേഷണം വേഗത്തിലാക്കണമെന്നാണ് ഡിജിപി നല്‍കിയിരിക്കുന്ന നിര്‍ദേശം. അതോടൊപ്പം എല്ലാ മൃതദേഹാവശിഷ്ടങ്ങളും വിദേശത്തേക്ക് പരിശോധനയ്ക്ക് അയച്ച് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.