ഹൂസ്റ്റൺ: മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സേവികാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 19-മതു ഭദ്രാസന
സേവികാസംഘം ദേശീയ കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയതായി കോൺഫറൻസ് സംഘാടകർ അറിയിച്ചു.
2019 ഒക്ടോബർ 10-13 വരെ (വ്യാഴം മുതൽ ഞായർ) ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന കോൺഫറൻസിനു ട്രിനിറ്റി ഇടവക സേവികാസംഘമാണ് ആതിഥേയത്വം വഹിക്കുന്നത്.
ഈ കോൺഫറൻസിനു കോൺഫറൻസ് രക്ഷാധികാരിയും ഭദ്രാസന എപ്പിസ്കോപ്പയുമായ ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ, മാർത്തോമാ സേവികാ സംഘം പ്രസിഡണ്ടും അടൂർ ഭദ്രാസനാദ്ധ്യക്ഷനുമായ ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ, ആനി കോശി, നീതി പ്രസാദ് തുടങ്ങിയവർ മുഖ്യ നേതൃത്വം നൽകും. ഫോർട്ബെൻഡ് കൗണ്ടി കോർട്ട് ജഡ്‌ജിയും മലയാളിയുമായ ജൂലി മാത്യു, എം.ഡി. ആൻഡേഴ്സൺ കാൻസർ സെന്റർ പ്രൊഫസർ ഡോ. ലോൻസെറ്റ ന്യൂമാൻ എന്നിവർ അതിഥികളായി പങ്കെടുത്തു പ്രഭാഷണങ്ങൾ നടത്തും.
മാർത്തോമാ സുവിശേഷ സേവികാ സംഘം പ്രസിഡണ്ട് ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ബുധനാഴ്ച ഹൂസ്റ്റണിൽ എത്തിച്ചേരും. മാർത്തോമാ സൺഡേ സ്കൂൾ സമാജം പ്രസിഡണ്ട് എന്നുള്ള നിലയിൽ സ്തുത്യർഹമായ നേതൃത്വം നൽകിയതിന് ശേഷമാണു സേവികാ സംഘം പ്രസിഡന്റായി തിരുമേനി ചുമതലയേറ്റത്. സൺഡേ സ്കൂൾ സമാജത്തിന്റെ നേതൃസ്ഥാനം വഹിച്ചപ്പോഴാണ് ലോക പ്രസിദ്ധമായ “കുട്ടികളുടെ മാരാമൺ” നടത്തപ്പെട്ടത്. സേവികാ സംഘത്തിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചു 2019 മാരാമൺ കൺവെൻഷനിൽ ഒരുക്കിയ ലോക മാർത്തോമാ വനിതാ സംഗമവും ജന ശ്രദ്ധയാകർഷിച്ചു. 13നു ഞായറാഴ്ച രാവിലെ നടക്കുന്ന വിശുദ്ധ കുർബാന ശുശ്രൂഷയ്ക്കും തിരുമേനി മുഖ്യകാർമികത്വം വഹിക്കും.
“Women as Agents of Life” (സ്ത്രീകൾ ജീവന്റെ വാഹകർ – പുറപ്പാട് 1:17) എന്ന മുഖ്യ ചിന്ത വിഷയത്തെ അധികരിച്ചു പഠനങ്ങളും ചർച്ചകളും നടക്കും. വൈവിധ്യമാർന്ന പരിപാടികളോടൊപ്പം ടാലെന്റ്റ് നൈറ്റ്, സമർപ്പണ ശുശ്രൂഷ തുടങ്ങിയവ കോൺഫറൻസിനു മികവ് നൽകും.
സേവികാസംഘം കോൺഫറൻസുകളുടെ ചരിത്രത്തിൽ ഒരു അവിസ്മരണീയ കോൺഫറൻസാക്കി ഈ കോൺഫറൻസിനെ മാറ്റുന്നതിന് വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കന്നതെന്നു കോൺഫറൻസ് ഭാരവാഹികൾ അറിയിച്ചു.
നഗരകാഴ്ചകളോടാപ്പം ‘നാസ’ ബഹിരാകാശ കേന്ദ്രവും കാണുന്നതിനുള്ള ടൂർ പാക്കേജും ഒരുക്കിയിട്ടുണ്ട്. ഹൂസ്റ്റൺ ‘ഹോബി’ എയർപോർട്ടിനു തൊട്ടടുത്തുള്ള ഹൂസ്റ്റൺ മാരിയറ്റ് സൗത്ത് ഹോട്ടലിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
കോൺഫറൻസ് രജിസ്‌ട്രേഷനു ആവേശകരമായ പ്രതികരണമാണ് ലഭിച്ചതെന്നു രജിസ്‌ട്രേഷൻ കൺവീനർ ദീനാ മാത്യു (ജോയമ്മ) അറിയിച്ചു. അമേരിക്കയിലെയും കാനഡയിലെയും വിവിധ ഇടവകകളിൽ നിന്നായി 400 ൽ പരം വനിതകൾ കോണ്ഫറൻസിൽ പങ്കെടുക്കും.
അഭിവന്ദ്യ തിരുമേനിമാരുടെ സന്ദേശങ്ങളും ഈടുറ്റ ലേഖനങ്ങളും കവിതകളും കാർട്ടൂണുകളുമൊക്കയായി മനോഹരമായ ഒരു സുവനീർ പ്രകാശനത്തിന് തയ്യാറായതായി സുവനീർ കൺവീനർ സൂസൻ ജോസ് (ഷീജ) അറിയിച്ചു.
റവ. ജേക്കബ് പി. തോമസ് (വികാരി) റവ. റോഷൻ വി. മാത്യൂസ് (അസി. വികാരി) മറിയാമ്മ തോമസ് (ജന.കൺവീനർ) ഷെറി റജി ( സെക്രട്ടറി) ലിസ്സി രാജൻ (ട്രഷറർ) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.