കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ജോളിയുടെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നു. നിരവധി തവണ താന്‍ ഗര്‍ഭച്ഛിദ്രം നടത്തിയെന്നാണ് ജോളി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. പെണ്‍കുട്ടികളെ ജോളിക്ക് ഇഷ്ടമായിരുന്നില്ല. ഇതേത്തടുര്‍ന്ന് കുടുംബത്തിലെ ചില പെണ്‍കുട്ടികളെ ഇല്ലാതാക്കാന്‍ ജോളി ശ്രമിച്ചു. ആദ്യഭര്‍ത്താവ് റോയി തോമസിന്റെ സഹോദരി രഞ്ജിയുടെ മകളെ കൊല്ലാനും ശ്രമിച്ചിരുന്നതായി ജോളി മൊഴി നല്‍കിയതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ജോളിയുടെ മൊഴിയില്‍ ക്രൈംബ്രാഞ്ച് വ്യക്തമായ സ്ഥിരീകരണം നടത്തിയതായി സൂചനയുണ്ട്. ജോളിയെ നേരത്തെ ചോദ്യം ചെയ്തപ്പോള്‍, നുണപരിശോധനയ്ക്കും, നാര്‍കോ അനാലിസിസ് ടെസ്റ്റിനും വിധേയനാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇതിന് തന്റെ അച്ഛനോട് ചോദിക്കണമെന്ന് ജോളി മറുപടി നല്‍കി.

തുടര്‍ന്ന് ജോളി ഫോണില്‍ വിളിച്ചത് അച്ഛനെയല്ലെന്നും, വേറെ ഒരാളെയാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇദ്ദേഹമാണ് നുണപരിശോധനയ്ക്ക് തയ്യാറാകേണ്ടെന്ന് പറഞ്ഞത്. ഒരുമിനുട്ടോളമാണ് സംഭാഷണം നീണ്ടത്. ഇത്രയും പെട്ടെന്ന് ചോദ്യത്തിന് ഉത്തരം നല്‍കണമെങ്കില്‍ ഇയാള്‍ക്ക് സംഭവം വ്യക്തമായി അറിവുണ്ടായിരിക്കണമെന്ന നിഗമനത്തിലാണ് പൊലീസ് സംഘം.

അതിനിടെ ജോളിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ് ഷാജു രംഗത്തെത്തി. ജോളിയുടെ പല പ്രവൃത്തികളിലും താന്‍ അസ്വസ്ഥനായിരുന്നു. ജോളി കൂടുതല്‍ സമയവും ഫോണില്‍ ചെലവഴിച്ചിരുന്നു. ജോളിയോടൊത്ത് ജീവിച്ചത് ഏറെ സഹിച്ചാണ്. കുടുംബത്തിന്‍രെ മാനം ഓര്‍ത്താണ് ഒന്നും പുറത്തുപറയാതിരുന്നത്. ജോളിയെ ചോദ്യം ചെയ്തിരുന്നെങ്കില്‍ തനിക്കും ദുരന്തം സംഭവിച്ചേനെ എന്നും ഷാജു പറയുന്നു.