നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം ഉള്‍പ്പെട്ട മാര്‍ത്തോമാ സഭയിലെ എല്ലാ ഭദ്രാസനങ്ങളിലും സെപ്റ്റംബര്‍ 30 മുതല്‍ ഒക്‌ടോബര്‍ 6 വരെ സംഘടിപ്പിച്ച മാര്‍ത്തോമാ സന്നദ്ധ സുവിശേഷക സംഘം വാരം ഒക്‌ടോബര്‍ ആറാംതീയതി ഞായറാഴ്ച പ്രത്യേക പ്രാര്‍ത്ഥനകളോടും, ആരാധനയോടുംകൂടി സമാപിച്ചു.

ജാതിയുടേയും, മതത്തിന്റേയും പേരില്‍ അവിശ്വാസത്തിന്റേയും അസഹിഷ്ണുതയുടേയും മതിലുകള്‍ പണിയുന്നവര്‍ ആനന്ദത്തിന്റേയും, വിനയത്തിന്റേയും അനുഭവത്തിലേക്കു തിരികെ വരുന്നതിനും, കേരളത്തിലെ സഭകളില്‍ നിന്നും ഉയരുന്ന ക്രൈസ്തവസാക്ഷ്യത്തിനു സമീപകാലത്തുണ്ടായ അപചയം സ്വയം തിരിച്ചറിഞ്ഞ് തിരുത്തലുകള്‍ വരുത്തി ക്രൂശിന്റെ പാതയില്‍ മുന്നോട്ടുപോകുന്നതിനുള്ള ആന്തരിക ശക്തിയാര്‍ജ്ജിക്കുന്നതിനും സന്നദ്ധ സുവിശേഷസംഘവാരം പ്രയോജനപ്പെട്ടതായി വിലയിരുത്തപ്പെട്ടു.

ഭാവിയില്‍ പ്രത്യാശിക്കുന്നവര്‍ക്കായി ഒന്നുമില്ലെന്നുള്ള നിരാശയില്‍ ആണ്ടുപോകാതെ ക്രിസ്തുവില്‍ പകരപ്പെട്ടിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയില്‍ അനുദിന ജീവിതം ക്രിയാത്മകമായി നയിക്കണമെന്നുമുള്ള ആഹ്വാനത്തോടെയാണ് വാരാഘോഷം സമാപിച്ചത്.

സമാപന ദിനമായ ഒക്‌ടോബര്‍ ആറിനു ഭദ്രാസനത്തിലുള്ള എല്ലാ ഇടവകകളിലും പ്രത്യേക ആരാധനയും, സ്‌തോത്രകാഴ്ചയും നടത്തപ്പെട്ടു. ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നടന്ന ശുശ്രൂഷകള്‍ക്ക് റവ, മാത്യു ജോസഫ് (മനോജ് അച്ചന്‍), സജി ജോര്‍ജ്, ഉമ്മന്‍ ജോണ്‍, ജോസഫ് (ജിനു) എന്നിവര്‍ നേതൃത്വം നല്‍കി. ഇടവകയിലെ സീനിയര്‍ അംഗം കെ.എസ്. മാത്യു വചനശുശ്രൂഷ നടത്തി. ശുശ്രൂഷാ മധ്യേ മണ്ഡലയോഗ റിപ്പോര്‍ട്ട് രാജന്‍ മാത്യു അവതരിപ്പിച്ചു. തോമസ് ഈശോ (ഇടവക സെക്രട്ടറി) നന്ദി പറഞ്ഞു.