കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഒക്‌ടോബര്‍ അഞ്ചാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച ഫാമിലി പിക്‌നിക്ക് ആവേശോജ്വലമായി.

ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലക്‌സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശനിയാഴ്ച രാവിലെ പത്തുമണിയോടെ ഗാര്‍ലന്റ് ബ്രോഡ്‌വേയിലുള്ള അസോസിയേഷന്‍ പ്ലേ ഗ്രൗണ്ടില്‍ അംഗങ്ങള്‍ കുടുംബ സമേതം എത്തിച്ചേര്‍ന്നു. അസോസിയേഷന്റെ കെട്ടിടസമുച്ചയം നിലനില്‍ക്കുന്ന മൂന്നേക്കറോളം വരുന്ന സ്ഥലമാണ് പിക്‌നിക്കിനായി ഒരുക്കിയിരുന്നത്. പ്ലേ ഗ്രൗണ്ടിനുമുകളില്‍ കത്തിജ്വലിച്ചു നിന്നിരുന്ന  സൂര്യന്റെ ചൂട് പോലും അവഗണിച്ച് അംഗങ്ങള്‍ വിവിധ കലാ-കായിക മത്സരങ്ങളില്‍ പങ്കടുത്തത് ആവേശകരമായ അനുഭവമായിരുന്നു.

മുതിര്‍ന്നവര്‍ക്കും യുവാക്കള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടന്നെങ്കിലും സ്ത്രീകളും പുരുഷന്മാരും അണിനിരന്ന വടംവലി മത്സരത്തില്‍ പുരുഷന്മാരെ പരാജയപ്പെടുത്തി സ്ത്രീകള്‍ വിജയകിരീടം ചൂടി. കായിക പരിപാടികളില്‍ പങ്കെടുത്ത് തളര്‍ന്ന അംഗങ്ങള്‍ക്ക് പിക്‌നിക്കിനു എത്തിച്ചേര്‍ന്ന അനുഗ്രഹീത ഗായകര്‍ ആലപിച്ച ഗാനം കാതിനും കരളിനും കുളിര്‍മയേകി. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സംഘടനാ ഭാരവാഹികള്‍ ട്രോഫികള്‍ നല്‍കി.

കേരള അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നെടുനായകത്വം വഹിക്കുന്ന ആദരണീയനീയ ഐ. വര്‍ഗീസിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന സംഘടനാ ഭാരവഹികളായ പ്രസിഡന്റ് റോയ് കെടുവത്ത്, ഡാനിയേല്‍ കുന്നേല്‍, ചെറിയാന്‍ ചൂരനാട്, പ്രദീപ് നാഗനൂലില്‍, സാബു മാത്യു, ഓസ്റ്റിന്‍ സെബാസ്റ്റ്യന്‍, സൈമണ്‍ ജേക്കബ്, ബാബു മാത്യു, തോമസ് വര്‍ഗീസ്, ഫ്രാന്‍സീസ് തടത്തില്‍, ഗ്ലെന്‍ഡ ജോര്‍ജ്, രാജന്‍ ഐസക്ക്, മുണ്ടന്‍ മാണി, ബോബന്‍ കൊടുവത്ത്, രാജന്‍ ചിറ്റാര്‍, ടോമി നെല്ലുവേലില്‍, സുരേഷ് അച്യുതന്‍, അനശ്വര്‍ മാമ്പിള്ളി, ദീപിക നായര്‍, താമ്പു ജയിംസ് എന്നിവരും പിക്‌നിക്ക് വിജയകരമാക്കുന്നതിനു നേതൃത്വം വഹിച്ചു.