ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ അന്തിമ ധാരണയില്‍ എത്തിയതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ പുനഃപരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിക്കും. ‘ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസ്’ അഥവാ ജിഎസ്പി ലിസ്റ്റില്‍ ഇന്ത്യയുടെ പേര് പുനഃസ്ഥാപിക്കുകയാകും അമേരിക്ക സ്വീകരിക്കുന്ന പ്രധാന നടപടി.

അമേരിക്കന്‍ കോണ്‍ഗ്രസ് ജിഎസ്പി സംവിധാനപ്രകാരം നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന രണ്ടായിരത്തോളം ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഇല്ലാതെ അമേരിക്കന്‍ വിപണിയില്‍ നേരിട്ട് പ്രവേശനം ലഭിക്കും. ഇതോടെ ജിഎസ്പി കരാറിന്റെ പ്രധാന ഗുണഭോക്താവായി ഇന്ത്യ മാറുകയും ചെയ്യും.

ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കിന് ഇന്ത്യയില്‍ ചുമത്തുന്ന 100 ശതമാനം നികുതി അടക്കം ഭാഗികമായി കരാര്‍ പ്രകാരം പിന്‍വലിക്കും. ഈ മാസം അവസാനത്തോടെ വ്യാപാരകരാറില്‍ മഷി പുരളും എന്നാണ് സൂചനകള്‍ ലഭിക്കുന്നത്.