കൂടത്തായി കൊലപാതക പരമ്ബരയില്‍ കൂടുതല്‍ പേരെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക ക്രൈം ബ്രാഞ്ച് തയ്യാറാക്കിയിട്ടുണ്ട്. കേസിലെ മുഖ്യ പ്രതിയായ ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ പിതാവ് സക്കറിയേയും ഇന്ന് ചോദ്യം ചെയ്യും. ഇന്നത്തെ ചോദ്യം ചെയ്യലിനുശേഷം കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.
ജോളിയെ വിവിധ ഘട്ടത്തില്‍ സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. സംശയമുള്ളവരെ വിളിച്ചു വരുത്തിയും അല്ലാതെയും ചോദ്യം ചെയ്യും.
ജോളിയുടെയും ഷാജുവിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സക്കറിയയെ ചോദ്യം ചെയ്യുക. എന്‍ഐടിയിലെ ജോളിയുടെ സുഹൃത്തുക്കള്‍, കൂടത്തായിയില്‍ ജോളിയെ സഹായിച്ചവരുള്‍പ്പെടെ ചോദ്യം ചെയ്യുന്നവരുടെ പട്ടികയില്‍ നിരവധി പേരുണ്ട്.
കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സി പി എം നേതാക്കളും ഇതിലുള്‍പ്പെടും. ചാത്തമംഗലത്തെ രാമകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് എന്‍ഐടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയെയും ചോദ്യം ചെയ്തേക്കും.
ഷാജുവിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും ഇയാള്‍ നിരീക്ഷണത്തിലാണ്. ശക്തമായ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് ഷാജുവിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകും. ജോളിയെ കസ്റ്റഡിയില്‍ ലഭിച്ച ശേഷം നടക്കുന്ന ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാണ്. ഷാജുവിനെ ഈ സമയത്ത് വിളിച്ചു വരുത്താനും സാധ്യത ഉണ്ട്. ഷാജുവിനെ മാപ്പ് സാക്ഷിയാക്കണോ എന്ന കാര്യം അന്വേഷണ സംഘം പരിഗണിക്കുന്നതായും വിവരമുണ്ട്.