വിജയദശമിനാളില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച്‌ കുരുന്നുകള്‍. വാഗ്ദേവതയുടെ വരദാനം ഏറ്റുവാങ്ങി കുരുന്നുകള്‍ അക്ഷരലോകത്തേക്ക്. ക്ഷേത്രങ്ങളടക്കം ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭച്ചടങ്ങുകള്‍ തുടങ്ങി. കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് എത്തിയിട്ടുള്ളത് പതിനായിരങ്ങളാണ്. നാവില്‍ സ്വര്‍ണമോതിരംകൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതി കുട്ടികള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കും. ക്ഷേത്രങ്ങള്‍ക്ക് പുറമെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകളുണ്ട്.

കേരളകൗമുദി സംഘടിപ്പിക്കുന്ന വിദ്യാരംഭ ചടങ്ങുകള്‍ രാവിലെ 7.30ന് തുടങ്ങി. എസ്.എന്‍.ഡി.പി യോഗം പേട്ട ശാഖാ ഹാളില്‍ വിവിധ മേഖലകളിലെ ഏഴ് പ്രശസ്തര്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. ഹരിഃ ശ്രീ കുറിക്കുന്ന കുരുന്നുകള്‍ക്ക് സമ്മാനങ്ങളും നല്‍കും. മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവും ഐ.എസ് ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞനുമായ എം. ചന്ദ്രദത്തന്‍, ഫയര്‍ഫോഴ്‌സ് മേധാവി എ. ഹേമചന്ദ്രന്‍, സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജുപ്രഭാകര്‍, അനന്തപുരി ആശുപത്രി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. മാര്‍ത്താണ്ഡപിള്ള, വെറ്ററിനറി സര്‍വകലാശാലയുടെ ആദ്യ വൈസ്ചാന്‍സലറും ഊര്‍ജ, ജലവിഭവ വകുപ്പുകളുടെ സെക്രട്ടറിയുമായ ഡോ. ബി. അശോക്,​ തിരുവനന്തപുരം ജില്ലാ സബ്കളക്ടറായിരുന്ന ദിവ്യ എസ്. അയ്യര്‍, ​സെന്‍സര്‍ ബോര്‍ഡ് അംഗം ഗിരിജാ സേതുനാഥ് തുടങ്ങിയവരാണ് എഴുത്തിനിരുത്തുന്നത്.

കേരളത്തിലെ വിഖ്യാത സരസ്വതീ ക്ഷേത്രങ്ങളായ കോട്ടയത്തെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം, കൊല്ലത്തെ എഴുകോണ്‍ മൂകാംബിക ക്ഷേത്രം, വടക്കന്‍ പറവൂരിലെ മൂകാംബിക സരസ്വതി ക്ഷേത്രം, തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രം, ചോറ്റാനിക്കര ദേവീ ക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം അടക്കമുളള നിരവധി ക്ഷേത്രങ്ങളിലും തുഞ്ചന്‍ പറമ്ബിലും വിദ്യാരംഭം നടക്കും.