ഹൈദരാബാദ്: അഭ്യൂഹങ്ങള്‍ക്ക് വിട. ടെന്നീസ് താരം സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ ആസാദുദ്ദീനും വിവാഹിതരാകുന്നു. സാനിയ മിര്‍സ തന്നെയാണ് ഇക്കാര്യം ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ആസാദുദ്ദീനും അനം മിര്‍സയ്ക്കുമൊപ്പമുള്ള ചിത്രം ‘കുടുംബം’ എന്ന തലവാചകത്തോടുകൂടി സാനിയ മിര്‍സ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഇതോടെ പല അഭ്യൂഹങ്ങളും പ്രചരിച്ചു. ഇതിനു പിന്നാലെയാണ് ഇരുവരും വിവാഹിതരാവുന്ന കാര്യം സാനിയ തന്നെ സ്ഥിരീകരിച്ചത്.
സ്‌റ്റൈലിസ്റ്റായി ജോലി ചെയ്യുന്ന അനം മിര്‍സയുടെ രണ്ടാമത്തെ വിവാഹമാണിത്. 2016 നവംബര്‍ 18ന് അക്ബര്‍ റഷീദ് എന്നയാളെ അനം മിര്‍സ വിവാഹം ചെയ്തിരുന്നു. ഒന്നര വര്‍ഷത്തിനു ശേഷം 2018ല്‍ ഇരുവരും പരസ്പര സമ്മതത്തോടെ പിരിയുകയായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന് ആദ്യ ഭാര്യ നൗറീനിലുള്ള മൂത്ത മകനാണ് ആസാദുദ്ദീന്‍. ക്രിക്കറ്റ് താരമായ ആസാദുദ്ദീന്‍ 2018ല്‍ ഗോവ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.