ഹോളിവുഡ് താരം ആഞ്ചലീന ജോളിയെപ്പോലെയാകാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് പ്രശസ്തയായ ഇന്‍സ്റ്റാഗ്രാം താരത്തെ ഇറാന്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ടെഹ്റാനിലെ മാര്‍ഗനിര്‍ദ്ദേശ കോടതിയുടെ നിര്‍ദേശപ്രകാരമാണ് സഹാര്‍ തബാര്‍ എന്നറിയപ്പെടുന്ന സോഷ്യല്‍ മീഡിയ താരത്തെ കസ്റ്റഡിയിലെടുത്തത്. സാംസ്‌കാരിക കുറ്റകൃത്യങ്ങളും സാമൂഹികവും ധാര്‍മ്മികവുമായ അഴിമതികളുമാണ് മാര്‍ഗനിര്‍ദ്ദേശ കോടതികള്‍ പരിഗണിക്കുക.

മതനിന്ദ, അക്രമത്തിന് പ്രേരിപ്പിക്കുക, അനുചിതമായ മാര്‍ഗങ്ങളിലൂടെ വരുമാനം നേടുക, അഴിമതി നടത്താന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് അവര്‍ക്കുമേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. സെഹാറിന്റെ ഇന്‍സ്റ്റഗ്രാം നിറയെ ആഞ്ചലീനയെ അനുകരിച്ച്‌ അവര്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ്. ധാരാളം ഫോളോവേഴ്‌സ് അവര്‍ക്കുണ്ട്. അവരില്‍ പലരും ഈ ചെയ്തികളെ അംഗീകരിക്കുന്നില്ലെന്ന് മാത്രം.

സഹാര്‍, ഷെയര്‍ ചെയ്ത മിക്ക ഫോട്ടോകളും വീഡിയോകളും ആഞ്ചലീന ജോളിയുമായി സാമ്യമുള്ളതാക്കാന്‍ വേണ്ടി എഡിറ്റു ചെയ്തതാണ്. 2017-വരെ ഇവര്‍ 52 പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് വിധേയയായിരുന്നു. ആഞ്ചലീനയാകാന്‍ വേണ്ടി സഹാര്‍ 40 കിലോയോളം തൂക്കമാണ് കുറച്ചത്. ഒട്ടിയ കവിളും തടിച്ച ചുണ്ടുകളും മറ്റും സൃഷ്ടിക്കുന്നതിനുവേണ്ടി പ്ലാസ്റ്റിക് സര്‍ജറികളും നടത്തി.

മൂക്കും കവിളെല്ലും ആഞ്ചലീനയെപ്പോലെയാക്കുന്നതിനാണ് കൂടുതലും കഷ്ടപ്പെട്ടത്. അവരുടെ രൂപമാകെ വികൃതമാക്കിയതും ഈ പരീക്ഷണങ്ങള്‍ തന്നെ.

ഇറാനില്‍ അനുവദനീയമായ ഒരേയൊരു പ്രധാന സോഷ്യല്‍ മീഡിയ സേവനമാണ് ഇന്‍സ്റ്റാഗ്രാം. ഫേസ്ബുക്ക്, ട്വിറ്റര്‍, ടെലിഗ്രാം തുടങ്ങിയ നവമാധ്യമങ്ങളെല്ലാം അവിടെ ഔദ്യോഗികമായി നിരോധിച്ചിരിക്കുകയാണ്.