കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്ബരയിലെ ആദ്യ അന്വേഷണം സംബന്ധിച്ച വിശദീകരണവുമായി മുന്‍ എസ്. ഐ രാമനുണ്ണി. കൊല്ലപ്പെട്ട റോയിയുടെ ശരീരത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നുവെന്നും എന്നാല്‍ അന്ന് സംശയിക്കേണ്ട സാഹചര്യങ്ങള്‍ ഇല്ലായിരുന്നുവെന്നുംവിരമിച്ച എസ്.ഐ രാമനുണ്ണി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്നാണ് സയനൈഡ് കഴിച്ചാണ് മരണപ്പെട്ടതെന്ന് മനസിലായത്. സയനൈഡ് കഴിച്ചാല്‍ അപ്പോള്‍ തന്നെ മരണപ്പെടും എന്നതായിരുന്നു തനിക്കുണ്ടായിരുന്ന അറിവ്. അതിനാല്‍ റോയി ശുചിമുറിയില്‍ വെച്ചാണ് സയനൈഡ് കഴിച്ചതെന്നാണ് അന്ന് ഊഹിച്ചത്.

തുടര്‍ന്ന് അന്വേഷിച്ച സമയത്ത് റോയിക്ക് സുഹൃത്തുക്കളായി അങ്ങനെ ആരും ഇല്ലായിരുന്നുവെന്നാണ് മനസിലാക്കാനായത്. മരണത്തില്‍ ആരും സംശയം പ്രകടിപ്പിക്കാതിരുന്നതിനാല്‍ മറ്റ് രീതിയിലേക്ക് അന്വേഷണം നീണ്ടില്ല. റോയിയുടെ അമ്മാവനായ മാത്യു പോലും മറ്റൊരാള്‍ ചെയ്തതാണെന്ന സംശയമൊന്നും പറഞ്ഞിരുന്നില്ല.

റോയിക്ക് കടബാധ്യതകള്‍ ഉണ്ടായിരുന്നുവെന്നുംആത്മഹത്യ ആയിരിക്കാമെന്നുമാണ്‌ ബന്ധുക്കളും സൂചിപ്പിച്ചിരുന്നത്. റോയി മരിച്ചതിന് ശേഷം ജോളിയുടെ മൊഴിയെടുക്കാനും വീട്ടില്‍ നിന്ന് സയനൈഡ് കണ്ടെത്താന്‍ പരിശോധന നടത്താനും ആ വീട്ടില്‍ പോയിരുന്നു. എന്നാല്‍ സംശയത്തിന് കാരണമാകുന്നതൊന്നും അന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഭര്‍ത്താവ് മരിച്ച സ്ത്രീയുടെ വിഷമത്തിലും ഭാവത്തിലുമാണ് ജോളിയെ അന്ന് കാണപ്പെട്ടത്.

മാത്രമല്ല് റോയിയുടെ പക്കല്‍ നിന്ന് എങ്ങനെ ധനികനാകാം എന്ന് വിശദീകരിക്കുന്ന പേപ്പര്‍ കട്ടിങ്ങുകളും കണ്ടെടുത്തിരുന്നു. ഇതൊക്കെ വെച്ച്‌ നോക്കിയപ്പോള്‍ റോയിയുടെ മരണം ആത്മഹത്യയായിരിക്കാമെന്ന നിഗമനത്തിലാണ് അന്ന് എത്തിച്ചേര്‍ന്നത്.

മാത്രമല്ല റോയിയുടെ അച്ഛനും അമ്മയും കുഴഞ്ഞുവീണ് മരിച്ചകാര്യം അന്ന് അന്വേഷണ സമയത്ത് ആരും സൂചിപ്പിച്ചിരുന്നുമില്ല. മാത്രമല്ല മാത്യു എന്നയാള്‍ മരിച്ചപ്പോഴും ആരും പരാതിപ്പെട്ടിരുന്നില്ല. പിന്നീട് ഷാജുവിന്റെ മകളും ഭാര്യയും മരിച്ചപ്പോഴും ആരും പരാതിയുമായി രംഗത്ത് വന്നിരുന്നില്ല.-രാമനുണ്ണി വിശദീകരിച്ചു