കാബുള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മൂന്ന് ഇന്ത്യന്‍ എന്‍ജിനിയര്‍മാരെ മോചിപ്പിച്ചു. 11 കൊടും ഭീകരരെ മോചിപ്പിച്ചതിന് പകരമായാണ് മൂന്ന് എന്‍ജിനിയര്‍മാരെ വിട്ടയച്ചത്. ഞായറാഴ്ചയാണ് ഇവരെ വിട്ടയച്ചതെന്നും മോചിതരായ എന്‍ജിനിയര്‍മാരുടെ പേര് വിവരങ്ങള്‍ ലഭ്യമല്ലെന്നും ദ് എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അഫ്ഗാന്‍ അധികൃതരുടെയോ യുഎസ് സൈന്യത്തിന്‍റെയോ കസ്റ്റഡിയിലുണ്ടായിരുന്ന ഭീകരരെയാണ് വിട്ടയച്ചത്. താലിബാന്‍റെ കുനാര്‍ പ്രവശ്യാ ഗവര്‍ണര്‍ ഷെയ്ഖ് അബ്ദുര്‍ റഹീം, നിംറോസ് പ്രവിശ്യാ ഗവര്‍ണര്‍ മൗലവി അബ്ദുര്‍ റഷീദ് എന്നിവരും വിട്ടയച്ച ഭീകരരില്‍ ഉള്‍പ്പെടുന്നുണ്ട്. വിട്ടയച്ച ഭീകരരെ സ്വീകരിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും താലിബാന്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അഫ്ഗാന്‍ അധികൃതരോ ഇന്ത്യയോ പ്രതികരിച്ചിട്ടില്ല. അഫ്ഗാനിലെ വടക്കന്‍ ബാഗ് ലാന്‍ പ്രവശ്യയില്‍ ഉൗര്‍ജ ഉത്പാദന കേന്ദ്രത്തിന്‍റെ നിര്‍മാണത്തില്‍ പങ്കാളികളായിരുന്ന ഏഴ് ഇന്ത്യന്‍ എന്‍ജിനിയര്‍മാരെയാണ് 2018 മേയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിരുന്നില്ല. തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെ മാര്‍ച്ചില്‍ മോചിപ്പിച്ചിരുന്നു. ശേഷിക്കുന്നവരെക്കുറിച്ച് ഇപ്പോഴും വിവരമില്ല.