കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയില്‍ ഷാജുവിന്റെ കുറ്റം സമ്മതം പുറത്തുവന്നതോടെ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. ആദ്യ ഭാര്യ സിലിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കാര്യം അച്ഛന്‍ സക്കറിയയ്ക്ക് അറിയാമെന്ന് ഷാജു വെളിപ്പെടുത്തിയതോടെ സക്കറിയയെ ഉടന്‍ അന്വേഷണസംഘം ചോദ്യം ചെയ്യും. ഇതിനായി സക്കറിയയെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. സക്കറിയയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് പരിശോധിക്കാനായിരിക്കും ചോദ്യം ചെയ്യുക.

അതേസമയം, ആദ്യ ഭാര്യ സിലിയെയും കുഞ്ഞിനെയും കൊല്ലാന്‍ സാഹചര്യം ഒരുക്കിക്കൊടുത്തത് താനാണെന്ന് ഷാജു ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ഡന്റല്‍ ക്ലിനിക്കില്‍ അവരെ എത്തിച്ചത് അതിന്റെ ഭാഗമായാണെന്നും ഷാജു പറഞ്ഞു. നേരത്തെ കൊലപാതകങ്ങളെ പറ്റി ഒന്നും അറിയില്ലെന്ന് പറഞ്ഞ ഷാജു ഇപ്പോള്‍ എല്ലാം ഏറ്റ് പറഞ്ഞ് കുറ്റസമ്മതം നടത്തിയിരിക്കുകയാണ്. ഇതോടെ നിര്‍ണായക വഴിത്തിരിവിലേക്കാണ് കേസിന്റെ ഗതി. അന്വേഷണ സംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞാണ് ഷാജു തന്റെ മൊഴി വെളിപ്പെടുത്തിയത്.

ജോളിയും താനും തമ്മില്‍ പ്രണയത്തിലായിരുന്നു. ജോളിയെ സ്വന്തമാക്കുന്നതിന് തന്റെ അറിവോടെയാണ് രണ്ട് കൊലപാതകങ്ങളും നടന്നത്. കൊല്ലുന്നതിന് വേണ്ടിയുള്ള എല്ലാ സാഹചര്യവും ഒരിക്കിക്കൊടുത്തത് താനാണ്. പനമരത്തെ കല്യാണവീട്ടില്‍ വച്ചാണ് സിലിയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത്. മകള്‍ ബാദ്ധ്യതയാകുമെന്ന് കരുതിയാണ് കൊല്ലാന്‍ തീരുമാനിച്ചു. മകനെയും കൊല്ലണമെന്ന് ജോളി പറഞ്ഞിരുന്നു. എന്നാല്‍ അവനെ മാതാപിതാക്കള്‍ നോക്കുമെന്ന് പറഞ്ഞതിനാല്‍ വെറുതെവിട്ടു. രണ്ട് കൊലപാതകത്തെ കുറിച്ച്‌ അച്ഛന്‍ സക്കറിയയ്ക്ക് അറിയാമായിരുന്നു. ജോളിയുമായുള്ള വിവാഹത്തിന് തന്റെ അച്ഛനാണ് മുന്‍കൈയെടുത്തത്- ഷാജു അന്വേഷണ സംഘത്തോട് പറഞ്ഞു.

ഇതിനിടെ ജോളിയുടെ രണ്ടാം ഭര്‍ത്താവും അച്ഛന്റെ സഹോദര പുത്രനുമായ ഷാജുവിനെതിരെ മരിച്ച റോയിയുടെ സഹോദരി രെഞ്ചിയും രംഗത്തെത്തി. ഷാജുവിനെ കുടുക്കിയത് അതിബുദ്ധിയാണെന്ന് രെഞ്ചി പറഞ്ഞു. ക്രൈംബ്രാഞ്ച് ജോളിയെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ ഷാജു സാധനങ്ങള്‍ എടുക്കാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ഭയമുണ്ടായിരുന്നെന്നും രെഞ്ചി പറഞ്ഞു. കൂടാതെ തന്റെ അമ്മ മരിക്കുന്നതിന് മുമ്ബ് വരെ ജോളി സ്വന്തം ചേച്ചിയെപ്പോലെയായിരുന്നു പെരുമാറിയിരുന്നതെന്നും രെഞ്ചി വ്യക്തമാക്കി. ജോളിയുമായി ഒന്നിച്ച്‌ ജീവിക്കാന്‍ ഭാര്യയേയും മകളെയും കൊലപ്പെടുത്താന്‍ അവസരമൊരുക്കിയെന്ന ഷാജുവിന്റെ കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഷാജുവിന്റെ അച്ഛന്‍ സക്കറിയേയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഷാജുവിന് പിതാവിന്റെ സഹായം കിട്ടിയെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തിലാണിത്.